പന്തളം: മന്ത്രി എം.എം. മണിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് സ്കൂട്ടർ ഉൾപ്പെടെ മൂന്ന് വാഹനങ്ങളിലിടിച്ചു. വാഹനങ്ങൾക്ക് സാരമായി കേടുപാടുണ്ടായെങ്കിലും വാഹനത്തിലെത്തിയവർക്കോ കാൽനടയാത്രികർക്കോ പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ പന്തളം മെഡിക്കൽ മിഷൻ കവലയിലാണ് സംഭവം. കോട്ടയത്ത് ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്നു മന്ത്രി.
പറന്തലിൽ നിന്ന് പൈലറ്റായി വന്ന പന്തളം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് കവലയിലെത്തിയപ്പോൾ നിയന്ത്രണം വിട്ടത്. വലതു വശത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. പിന്നീട് കാറിനു പിന്നിൽ പാർക്ക് ചെയ്തിരുന്ന മാരുതി വാനിലുമിടിച്ചു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കുരുണ്ട വാൻ അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലുമിടിച്ചു. ഈ വാഹനങ്ങളിലൊന്നിലും യാത്രക്കാരില്ലാതിരുന്നതും കാൽനടയാത്രക്കാരുടെ അഭാവവും വലിയ ദുരന്തമാണ് ഒഴിവാക്കിയത്. മിക്ക സമയങ്ങളിലും വലിയ തിരക്കനുഭവപ്പെടുന്ന പന്തളത്തെ രണ്ടാമത്തെ പ്രധാന ജംഗ്ഷനിലാണ് അപകടമുണ്ടായത്.
മന്ത്രി മണി സ്ഥലത്തിറങ്ങി വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് യാത്ര തുടർന്നത്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ പന്തളം പോലീസ് ഉടൻ തന്നെ ക്രെയിൻ എത്തിച്ച് പോലീസ് വാഹനമടക്കം സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. ജീപ്പിന്റെ മുൻ ചക്രത്തിന്റെ ബോൾ ജോയിന്റ് ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.