കോട്ടയം: ഇന്ത്യയുടെ നാമം ഭാരത് എന്ന പേരിലേക്കു മാറ്റുന്നത് ചരിത്രത്തിനും സംസ്കൃതിക്കും ഭൂഷണമാകില്ലെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി.
വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ സംസ്കൃതിയില്‍ ഭാരത് എന്നതിനേക്കാള്‍ അര്‍ഥവും ആഴവുമുള്ളത് ഇന്ത്യ എന്ന ദേശനാമത്തിനാണ്. ആഗോളതലത്തിലും ഇന്ത്യ എന്ന പേരിലാണ് അംഗീകാരമുള്ളതെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രഭാഷണത്തില്‍ ആചാരി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റിലും മാധ്യമപ്രതിനിധികള്‍ക്കു മുന്നിലും ഇപ്പോഴത്തെ പ്രധാനമന്ത്രി കടന്നുവരില്ലെന്ന നിലപാട് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. മന് കി ബാത് പോലുള്ള ദേശീയ പ്രക്ഷേപണത്തെ ജനകീയ ജനാധിപത്യ സമ്പര്‍ക്കമായി കണക്കാക്കാനാകില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിനു കരുത്തും കരുതലും പകര്‍ന്ന ശക്തനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ദേശീയ സാക്ഷരത 20 ശതമാനം മാത്രമുണ്ടായിരുന്ന 1947ല്‍ ഇന്ത്യയെന്ന പരമദരിദ്രരാജ്യത്തെ ഇത്ര ശക്തമായ ജനാധിപത്യത്തിലും സോഷ്യലിസത്തിലും ഭദ്രമാക്കിയെന്നു പറയുന്നത് ചെറിയ കാര്യമില്ല.
കൂട്ടിച്ചേര്‍ക്കപ്പെട്ട ഓരോ നാട്ടുരാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും വികാരം ഉള്‍ക്കൊണ്ടാണ് നെഹ്റു പ്രവര്‍ത്തിച്ചത്.ഇന്ത്യന്‍ ജനാധിപത്യം വിജയകരമാകുമോ എന്നതില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറിനുപോലും തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു.
ഹിന്ദു-മുസ്ലിം വര്‍ഗീയലഹളയും വിഭജനവും ചോരപ്പുഴയും ഭീതിപ്പെടുത്തിയിരുന്ന ഒരു സാഹചര്യത്തിലാണ് നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ഭരണം നയിച്ചത്.
പ്രഥമ ലോക്സഭാ സ്പീക്കര്‍ ജി. മവ്ലാങ്കര് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചു കത്തു കൊടുത്തുവിട്ടപ്പോള്‍ അതു വായിച്ചനിമിഷം നെഹ്റു സ്പീക്കറുടെ മുറിയിലേക്ക് ഓടിച്ചെന്നു.
സഭാ നാഥനായ സ്പീക്കര്‍ പ്രധാനമന്ത്രിയുടെ മുറിയിലേക്കല്ല പ്രധാനമന്ത്രി സ്പീക്കറുടെ മുറിയിലേക്കു ചെല്ലുന്നതാണു പാര്‍ലമെന്ററി ജനാധിപത്യത്തിലെ മാന്യത എന്നതായിരുന്നു നെഹ്റുവിന്റെ പ്രതികരണം.
ജവഹര്‍ലാല്‍ നെഹ്റു വിഭാവനം ചെയ്തതും നടപ്പാക്കിയതുമായ മൂല്യങ്ങളെ തമസ്കരിക്കാനും അധിക്ഷേപിക്കാനും ഇക്കാലത്തെ ഭരണാധികാരികള്‍ കാണിക്കുന്ന ബോധപൂര്‍വമായ വ്യഗ്രത അപലപനീയമാണ്.
രാഷ്ട്രപതിയുടെ പദവിയും ഭരണഘടനാപരമായ അധികാരവും പോലും ദുര്ബലമാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഡല്‍ഹി സംസ്ഥാനം രൂപീകൃതമായപ്പോള്‍ ഡല്‍ഹിക്ക് അര്‍ഹമായ സംസ്ഥാനപദവിയും അധികാരങ്ങളും സര്‍ക്കാര്‍ എടുത്തുകളയുകയും പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലില്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
മാധ്യമപ്രതിനിധികളെ ജനങ്ങളുടെ പ്രതിനിധികളായാണ് ഭരണാധികാരികള്‍ കാണേണ്ടത്. പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഒളിച്ചോടുന്നതും മുഖംതിരിക്കുന്നതും ജനങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായേ കാണാനാകൂവെന്നും ആചാരി അഭിപ്രായപ്പെട്ടു.