വണ്ടിത്താവളം: ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കു മുകളിലും വ്യാപകമായി മയിൽക്കൂട്ടമെത്തി നാശനഷ്ടമുണ്ടാക്കുന്നതായി പരാതി. വീടിനുമുകളിൽ കയറുന്ന മയിലുകൾ ഓടുകളും സിമന്റും നശിപ്പിക്കുന്നത് പതിവാണ്.
ദേശീയപക്ഷിയായതിനാൽ കേസുണ്ടാകുമെന്ന ഭീതിയിൽ ഇവയെ ഒഴിവാക്കാനുമാകില്ല. മുൻകാലങ്ങളിൽ ആൾക്കൂട്ടത്തെ കണ്ടാൽ മയിലുകൾ പറന്നുപോകാറുണ്ടെങ്കിലും ഇപ്പോൾ കൈവീശി ഓടിച്ചാലും അനക്കമില്ലാതെ നില്ക്കുന്ന സ്ഥിതിയാണ്.വളർത്തുകോഴികൾക്കു സമാനമായി വീടിനരികിലും പറന്പുകളിലുമാണ് ഇവ എത്തുന്നത്.
തെരുവുനായ്ക്കൾ ഓടിപ്പിക്കുന്പോൾ മാത്രമാണ് ഇവ പറന്നുപോകുന്നത്. വീടുകൾക്കുമുന്നിൽ നട്ടുവളർത്തിയ പച്ചമുളകും മറ്റു പച്ചക്കറികളും മയിലുകൾ നശിപ്പിക്കുകയാണ്. നിലവിൽ കേന്ദ്ര സർക്കാരിന്റെ സുരക്ഷാപട്ടികയിലാണ് മയിൽ ഉൾപ്പെടുന്നത്.