ഈയടുത്ത കാലത്ത് രാജസ്ഥാന് ജഡ്ജി മഹേഷ് ചന്ദ്രശര്‍മ്മ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. മയിലുകള്‍ നിത്യബ്രഹ്മചാരികളാണെന്നും ഇക്കാരണത്താല്‍ അവര്‍ ഇണചേരുകയില്ലെന്നും ആണ് മയിലിന്റെ കണ്ണീരു കുടിച്ചാണ് പെണ്മയിലുകള് ഗര്‍ഭം ധരിക്കുന്നതെന്നുമായിരുന്നു ജഡ്ജിയുടെ പ്രസ്താവന. ഇതുകാരണമാണ് ശ്രീകൃഷ്ണന് തലയില്‍ മയില്‍പ്പീലി ചൂടുന്നതെന്നുമായിരുന്നു ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ്മ പറഞ്ഞത്. ഈ പ്രസ്താവനയുടെ പേരില്‍ രാജസ്ഥാന് ജഡ്ജി മഹേഷ് ചന്ദ്രശര്‍മ്മ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജഡ്ജിയുടെ ‘മയില്‍’ പ്രസ്താവനയിലൂടെ യഥാര്‍ത്ഥത്തില്‍ നേട്ടം കിട്ടിയത് കേരളത്തിനാണെന്നാണ് റിപ്പോര്‍ട്ട്.
മയിലുകള്‍ ഇണചേരില്ലെന്ന പ്രസ്താവന വിവാദമായതോടെ പാലക്കാട് ചൂളന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ തിരക്ക് വര്‍ധിച്ചിരിക്കുകയാണെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ദിവസവും പത്തോ ഇരുപതോ സന്ദര്‍ശകര്‍ മാത്രം എത്തിയിരുന്ന മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ദിനംപ്രതി 300 ലധികം ആളുകള്‍ ഇവിടേയ്ക്ക് എത്തുന്നുവെന്നാണ് കണക്ക്. എന്തായാലും ജഡ്ജിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ പേര് ഇന്റര്‍നെറ്റില്‍ തെരഞ്ഞത് ഇതിനു പിന്നിലെ സത്യാവസ്ഥയെക്കുറിച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനൊക്കെ പുറമേ ജഡ്ജിയുടെ പരാമര്‍ശത്തിന് ശേഷം മലയാളികള്‍ വിശദമായി തന്നെ മയിലുകളുടെ ജീവിതരീതിയെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും പഠനം നടത്തിയെന്നതിന് തെളിവാണ് പാലക്കാട് ചൂളന്നൂരിലെ മയില്‍ സംരക്ഷണ കേന്ദ്രത്തില്‍ അനുഭവപ്പെട്ട തിരക്കെന്നാണ് അധികൃതര്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍.