മംഗലംഡാം: കർഷകർക്ക് വിനയായി മലയോരങ്ങളിലും നാട്ടിൻപുറങ്ങളിലുമെല്ലാം മയിലുകൾ പെരുകുന്നു. ഇതുമൂലംകിഴങ്ങ് വർഗ്ഗകൃഷികളൊന്നും പറന്പുകളിൽ കൃഷിചെയ്യാൻ കഴിയാത്തസ്ഥിതിയാണെന്നാണ് കർഷകരുടെ പരാതി. കൂട്ടമായാണ് മയിലുകൾ എത്തുന്നത്. വീട്ടുമുറ്റത്ത് കോഴികൾ മേയുന്ന വിധമാണ് പൂവനും പിടയും കുട്ടികളുമായി മയിൽപട വരിക. മനുഷ്യരെ കണ്ടാലും ഇപ്പോൾ മയിലുകൾക്ക് പേടിയില്ല. മലയോര പ്രദേശത്തുള്ള നെൽപാടങ്ങളിലും മയിൽശല്യംരൂക്ഷമാണ്.
പാടത്ത് കതിർനിരന്നാൽ പിന്നെ മയിലുകളിൽ നിന്നും നെല്ലിനെ രക്ഷിച്ചെടുക്കേണ്ട അധികചുമതലകൂടി കർഷകർക്ക് വരും. എന്നാൽ വനപ്രദേശം കുറഞ്ഞ് പൊന്തക്കാട് കൂടുന്പോഴാണ് മയിൽ പെരുകുകയെന്നാണ് വനംവകുപ്പ് പറയുന്നത്. മറ്റു വന്യ മൃഗങ്ങളുടെ ശല്യത്തിനു പുറമേയാണ് മയിലുകളും കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.