പത്തനാപുരം: വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്ത് വീണു. ഇന്നലെ രാവിലെയാണ് സംഭവം. ഏകദേശം രണ്ട് വയസ് തോന്നിക്കുന്ന ആൺ മയിലാണ് ചേകം മഹാദേവർ ക്ഷേത്രത്തിന് സമീപം ഷോക്കേറ്റ്ചത്ത് വീണത്.
ചേകത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാലാമത്തെ മയിലിനാണ് വൈദ്യുതാഘാതമേൽക്കുന്നത്. വൈദ്യുതാഘാതമേറ്റ നാല് മയിലുകളിൽ ഒന്നിനെ നാട്ടുകാരും വനം വകുപ്പ് അധികൃതരും ചേർന്ന് രക്ഷപെടുത്തിയിരുന്നു.
മുൻപ് വനമേഖലകളിൽ മാത്രം കണ്ടിരുന്ന മയിലുകൾ തീറ്റ തേടി കിഴക്കൻ മേഖലകളിൽ ജനവാസ മേഖലയിൽ കൂട്ടമായി എത്തുന്നത് പതിവായിരിക്കയാണ്.
ചേകം, പിറവന്തൂർ, പുന്നല, കടശേരി, കറവൂർ, കമുകും ചേരി, കിഴക്കേ ഭാഗം മേഖലകളിൽ വീട്ടുമുറ്റങ്ങളിൽ മയിലുകൾ കൂട്ടമായി എത്തുന്നുണ്ട്.
മിണ്ടാപ്രാണികൾക്ക് വൈദ്യുതലൈനുകൾ അപകട ഭീഷിണിയാണ്. ഇന്നലെ ചത്ത് വീണ മയിലിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മറവ് ചെയ്തു.