അടിച്ചിലി: കൗതുകക്കാഴ്ചയൊരുക്കി മയിലുകൾ സ്വൈര്യ വിഹാരത്തിനിറങ്ങി; ആശങ്കയോടെ കർഷകർ. മേലൂർ പഞ്ചായത്തിലെ അടിച്ചിലിയിലും, പാലപ്പിള്ളി മേഖലയിലാണ് നാട്ടുകാർക്ക് കൗതുക കാഴ്ചയൊരുക്കി മയിലുകളെത്തിയത്. മഴ കഴിഞ്ഞുള്ള ഇടവേളകളിൽ ഈ പ്രദേശത്തെ പാടശേഖരങ്ങളിൽ മയിലുകളെ കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു.
ചാലക്കുടി കിഴക്കൻ മലയോര മേഖലകളിൽ കാണാറുണ്ടെങ്കിലും ഈ ഭാഗത്ത് കൂടുതലായി ജനങ്ങൾ കണ്ടിരുന്നത് ഒറ്റ തിരിഞ്ഞാണ്.അടിച്ചിലി മെയിൻ റോഡിന് സമീപമുള്ള പാടത്തും, പറന്പിലും വീട്ടുമുറ്റങ്ങളിലും മയിലുകൾ കൂട്ടമായി വരുന്നതായി നാട്ടുകാർ പറഞ്ഞു.
പുഷ്പഗിരി – പാലപ്പിള്ളി റോഡിനു സമീപമുള്ള പാടത്തും മയിലുകൾ വാസമുറപ്പിച്ചിട്ട് മാസങ്ങളായെന്നും പ്രദേശവാസികൾ പറയുന്നു. മയിലുകളെ നിലവിൽ കണ്ടെത്തിയ മേഖലകളിലെല്ലാം ഇടതൂർന്ന പൊന്തക്കാടുകളും കൃഷിയിടങ്ങളുമുണ്ട്.സ്വാഭാവിക വനം നശിച്ചുകൊണ്ടിരിക്കുന്നതും , പൊന്തക്കാടുകൾ വളരുന്നതും നാട്ടിലെ മണ്ണിന്റെ ആർദ്രത കുറയുന്നതുമെല്ലാം മയിലുകളെ നാട്ടിൻപുറങ്ങളിലേക്ക് ആകർഷിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
മേലൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലും മയിലുകളെ കണ്ടതായി പറയപ്പെടുന്നു.ഇത്രയധികം മയിലുകൾ കൂട്ടത്തോടെ നാട്ടിൽ എത്തിയത്തോടെ കൗതുകത്തിനുമൊപ്പം കർഷകരിൽ ആശങ്ക ഉടലെടുത്തിരിക്കുകയാണ്. തങ്ങളുടെ കൃഷിയിടങ്ങളിലെ പയറുവർഗ്ഗങ്ങൾ തുടങ്ങി വിവിധ തരം വിളകൾ കൊത്തി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.മലവെള്ള പൊക്കത്തിൽ നിരവധി ഇഴജന്തുകളെ കണ്ടെത്തിയ പ്രദേശത്താണ് മയിലുകൾ കൂട്ടമായി എത്തിയിരിക്കുന്നത്.