കണ്ണൂർ: വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്ന് കറിവച്ചയാൾ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി തോമസ് ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് മയിലിന്റെ ഇറച്ചിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നിൽ മയിലെത്തിയത്. കാലിന് പരിക്കുള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന മയിലിനെ മരക്കൊമ്പ് കൊണ്ട് എറിഞ്ഞുവീഴ്ത്തി പിടിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി.
തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി.രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.