വാളയാർ: കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിൻ എൻജിന്റെ അടിയിൽപ്പെട്ടു ചത്തു. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ് ട്രാക്കിൽ നിന്ന മയിൽ പെട്ടത്.
വനമേഖല ആയായതിനാൽ ശബ്ദം കേട്ടെങ്കിലും ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. തുടർന്ന് എൻജിന്റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളമാണ്.
കഞ്ചിക്കോട് ചുള്ളിമടയിൽ ഞായറാഴ്ച വൈകിട്ട് 5.30 ന് ആയിരുന്നു സംഭവം. 5.55ന് ട്രെയിൻ പാലക്കാടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് ആർപിഎഫ് സംഘം സ്ഥലത്തെത്തിയിരുന്നു.
പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.