കോട്ടയം: നാട്ടിൻപുറങ്ങളിൽ അപൂർവമായി മയിലിനെ കണ്ടിട്ടുണ്ടെങ്കിലും മയിൽ മുട്ട കാണാത്തവരാണ് അധികവും. ഇപ്പോൾ മയിൽമുട്ട കാണാൻ ആർപ്പൂക്കര സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ജനത്തിരക്കാണ്. ഇവിടെയുള്ള പെണ്മയിൽ ഇട്ട നൂറുകണക്കിനു മുട്ടകൾ കൗതുകത്തോടെ നോക്കി കാണുകയാണ് ജനങ്ങൾ.
മുട്ടയിടുന്നത് പെണ്മയിലാണെങ്കിലും അടയിരിക്കുന്നത് ആണ് മയിലാണ്. ഇവിടെയുണ്ടായിരുന്ന ആണ്മയിൽ ചത്തതോടെ അടവയ്ക്കാനാകാതെ നിരവധി മുട്ടകൾ നശിച്ചു.അവശേഷിക്കുന്നവ എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ച് ക്ഷേത്ര ഭാരവാഹികൾ ആലോചിച്ചു വരുന്നു. മറ്റൊരു ആണ് മയിലിനെ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ക്ഷേത്രത്തിൽ സംരക്ഷിക്കുന്ന മയിൽ മുട്ടയിട്ടുതുടങ്ങിയിട്ട് നാലുമാസത്തിലധികമായി. ക്ഷേത്രത്തിലെത്തുന്ന ഭക്തരാണു മയിലിനു ആഹാരം നൽകി സംരക്ഷിക്കുന്നത്. കൂടാതെ ക്ഷേത്രമുറ്റത്തെ പൂജാവസ്തുക്കൾ വിൽക്കുന്ന കടയിൽ മയിലിനുളള തീറ്റയും വിൽക്കുന്നുണ്ട്. ക്ഷേത്രാരാധനയുടെ ഭാഗമായി ആർപ്പൂക്കര ക്ഷേത്രത്തിൽ മയിലിനെ സംരക്ഷിക്കാൻ തുടങ്ങിയിട്ട് പത്തുവർഷത്തിലധികമായി.