കാലാവസ്ഥ മാറുമ്പോഴാണ് മയിലുകള്‍ കാടിറങ്ങുന്നതെന്ന് ഗവേഷകര്‍. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നു വരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്. പാലക്കാട്ടും പുനലൂര്‍ ആര്യങ്കാവിലുമാണ് ചുരങ്ങള്‍ ഉള്ളത്. വരണ്ട കാറ്റിനു പേരുകേട്ട പാലക്കാട് ജില്ലയിലാണ് മയില്‍ ഉദ്യാനമായ ചൂലന്നൂര്‍.
കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുന്നിന്‍ചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനല്‍ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.മയിലുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ചൂലനൂരില്‍ മയില്‍ സങ്കേതം സ്ഥാപിച്ചത്. ആര്‍ദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകള്‍ക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു.
പത്തനംതിട്ടയിലെ ഏനാദിമംഗലം പ്രദേശത്ത് മയിലുകള്‍ ഇപ്പോള്‍ വ്യാപകമാണ്.ഏനാദിമംഗലം ആശുപത്രി വളപ്പില്‍ എത്തുന്ന മയിലുകള്‍ രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും പ്രിയപ്പെട്ടവരാകുന്നു. ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രി അങ്കണമാണ് മയിലുകളുടെ താവളം. ആശുപത്രി കെടിടത്തിന്റെ ഭിത്തികള്‍, ജനാലകള്‍ എന്നിവിടങ്ങളില്‍ പറന്നു വന്നിരിക്കുന്ന മയിലുകളുടെ ചേഷ്ടകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൗതുകം പകരുന്നു.
കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ താമസ ഇടങ്ങളിലും നിത്യ സന്ദര്‍ശകരാണ് ഇവ. ആശുപത്രി വളപ്പിലെ ആളനക്കത്തില്‍ ഒട്ടും അസ്വസ്ഥരുമല്ല മയിലുകള്‍. കുന്നിട, കുറുമ്പകര തുടങ്ങിയ പ്രദേശങ്ങളില്‍ മയില്‍ പറ്റങ്ങള്‍ പതിവു കാഴ്ചയാണ് വൈദ്യുതി കമ്പികളില്‍ വന്നിരിക്കാന്‍ ശ്രമിക്കുന്ന ഇവയ്ക്ക് ജീവഹാനിയും സംഭവിക്കാറുണ്ട്. ഓണാഘോഷത്തിനും പീലിവിടര്‍ത്തിയാടുന്ന മയിലുകള്‍ പൊലിമ കൂട്ടുകയാണ്.