ആങ്കറിംഗ്, അഭിനയം, ബൈക്ക് റൈഡിംഗ് തുടങ്ങി വിവിധ മേഖലകളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് പേളി മാണി. കളിചിരിയും തമാശയും ബഹളവുമായെത്തി സൗഹൃദ സംഭാഷണം പോലെ പുത്തൻ അവതരണ ശൈലിയിലൂടെ പ്രേക്ഷക ഹൃദയം നേടിയ ഈ പ്രതിഭ ഇന്നു പുതിയൊരു ചുവടുവയ്പിലേക്കാണ്. ഓണ്ലൈൻ യുട്യൂബ് ഷോസിലൂടെ തന്നിലുള്ള കലയെ ലോകത്തിനു മുന്പിലേക്കു അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പേളി. അവതരണത്തിന്റെ ഒൗപചാരികതയില്ലാതെ മിനിസ്ക്രീനിലും നായികാ സങ്കൽപത്തിൽ നിന്നും മാറി ബിഗ്സ്ക്രീനിലും തിളങ്ങിയ പേളി മാണി താരപ്രതിഭയുടെ മൂടുപടമില്ലാതെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനെപ്പറ്റി സംസാരിക്കുന്നു…
ആങ്കറിംഗിൽ നിന്നും സിനിമയിലേക്കെത്തുന്നത്
കോളജിൽ പഠിക്കുന്ന സമയത്താണ് ഞാൻ ബൈക്ക് റൈഡറാകുന്നത്. ആ സമയത്ത് അമൃത ടിവിയിൽ ഒരു ആങ്കറിനെ ആവശ്യമായി വന്നപ്പോഴാണ് ഒരു സുഹൃത്ത് എന്നെപ്പറ്റി പറയുന്നത്. ‘ടേസ്റ്റ് ഓഫ് കേരള’ എന്ന പരിപാടിയുടെ ആങ്കറാകുന്നത് അങ്ങനെയാണ്. അതിനു ശേഷം ഡി ഫോർ ഡാൻസ്, കുട്ടികൾക്കൊപ്പമുള്ള കട്ടുറുന്പ് എന്നിങ്ങനെ നിരവധി ചാനലുകളിൽ ഹിറ്റു പരിപാടികൾ അവതരിപ്പിച്ചു. എല്ലായിടത്തും എന്റേതായ ഒരു സ്പേസ് സൃഷ്ടിക്കാനായി.
ആങ്കറിംഗിലെ പുതിയ അവതരണ ശൈലി
കാമറയ്ക്കു മുന്നിൽ ഫോർമലാകാതെ ഞാനായി തന്നെ നിൽക്കാനാണ് ശ്രമിച്ചത്. എന്റേതായ ഒരു തോന്ന്യവാസം എന്നു പറയാം. പലരും കളിയാക്കുന്നുണ്ടെങ്കിലും അതിലും ഒരു സ്നേഹം നമുക്കറിയാൻ സാധിക്കും. പിന്നെ നെഗറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രം കേൾക്കുന്ന ഇന്നത്തെ ലോകത്തിൽ ആൾക്കാരെ കുറച്ചു നേരം ചിരിപ്പിക്കാനും വിനോദം പകരാനുമാണ് ഞാൻ ശ്രമിക്കുന്നത്. അതു ചിലപ്പോൾ കോപ്രായങ്ങളാകാം. അവിടെ എന്റെ ഈഗോയല്ല, എന്റെ ജോലിയാണ് ഞാൻ നോക്കുന്നത്.
സ്റ്റേജിൽ നിന്നും സിനിമയിലേക്ക്
ബൈക്ക് ഓടിക്കുന്നതുകൊണ്ടാണ് ദുൽഖറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. അതു കഴിഞ്ഞ് ലാസ്റ്റ് സപ്പർ, രഞ്ജിത് സാറിന്റെ ഞാൻ, ജോ ആൻഡ് ബോയി, ലോഹം, പ്രേതം തുടങ്ങി പതിനാലോളം സിനിമയിൽ അഭിനയിച്ചു. നാഗശൗര്യ നായകനായി നന്ദിനി റെഡി സംവിധാനം ചെയ്ത കല്യാണ വൈഭോഗമേ എന്ന തെലുങ്കു ചിത്രത്തിലും നായികയായിരുന്നു. മമ്മൂക്കയുടെ ശ്യംധറിന്റെ ചിത്രമാണ് ഇപ്പോൾ ചെയ്തത്. ഒരു ജേർണലിസ്റ്റിന്റെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലേക്കെത്തുന്പോൾ
ആങ്കറിംഗും സിനിമയും എനിക്ക് ഏറെ ഇഷ്ടമാണ്. പിന്നെ സിനിമ കുറച്ചുകൂടി ചലഞ്ചിംഗാണ്. ഞാൻ മറ്റൊരാളായി മാറുകയാണ് അവിടെ. സിനിമ ആയാലും ടെലിവിഷൻ പരിപാടിയാണെങ്കിലും ഏതു ടീമിനൊപ്പവും ചേർന്നു പോകാൻ പറ്റുമെങ്കിൽ ഞാൻ കംഫർട്ടബിളാണ്.
സിനിമയുടെ മറ്റു മേഖലകൾ
സംവിധാനത്തിനോട് എനിക്ക് ഏറെ ഇഷ്ടമുണ്ട്. മുന്പ് ദി പെർഫെക്ഷനിസ്റ്റ് എന്ന സിനിമയ്ക്കായി തിരക്കഥ എഴുതിയിരുന്നു. യുട്യൂബിൽ അതിന്റെ ട്രെയിലറുണ്ട്. ഞാൻ തിരക്കഥയും അജയ് ദേവ് ലോക സംവിധാനവും നിർവഹിച്ചതാണ്. പക്ഷേ, ആ ചിത്രം ഞങ്ങൾക്കു പൂർത്തിയാക്കാൻ സാധിച്ചില്ല.
സിനിമയും ആങ്കറിംഗുമല്ലാതെയുള്ള ഇഷ്ടങ്ങൾ
ആങ്കറിംഗും സിനിമയുമൊക്കെ യാദൃച്ഛികമായി സംഭവിച്ചതാണ്. എന്റെ ഡാഡി ഇന്റർനാഷണൽ തലത്തിൽ മോട്ടിവേഷൻ സ്പീക്കിംഗ് നടത്തുന്ന ആളാണ്. അപ്പോൾ എന്റേതായ രീതിയിൽ ഒരു മോട്ടിവേഷൻ സ്പീക്കറാകാനാണ് എനിക്കിഷ്ടം. പക്ഷേ എന്റെ ഇടം കുട്ടികളോടൊത്താണ്. മനസിനെപ്പറ്റി പഠിപ്പിക്കുന്പോൾ അതു ചെറുപ്പത്തിൽ തന്നെ പഠിക്കുമെങ്കിൽ ഈസിയാകും.
ആങ്കറിംഗ്, സിനിമ ഇനി അടുത്ത സ്റ്റെപ്
നാളത്തെ ലോകം സോഷ്യൽ മീഡിയയുടേതാണ്. ഒരു ഷോ ആങ്കർ എന്ന നിലയിൽ ഇനിയുള്ള ലോകത്തിൽ യുട്യൂബ് ഷോസിനുള്ള സ്കോപ്പിനെപ്പറ്റി തിരിച്ചറിവുണ്ട്. യുട്യൂബ് ചാനൽ ലോഞ്ച് ചെയ്തവർ ബില്യനേഴ്സാണ്. അവിടേക്കിന്നു നിരവധി സ്പോൺസേഴ്സും ഇൻവെസ്റ്റേഴ്സും കടന്നുവന്നിരിക്കുന്നു. യുട്യൂബ് ഷോസിലൂടെ എന്റെ ക്രിയേറ്റിവിറ്റിയുമായി ലോകത്തിന്റെ മുന്പിലേക്കാണ് ഞാൻ പെർഫോം ചെയ്യാനെത്തുന്നത്. അതുകൊണ്ട് ഇംഗ്ലീഷിലായിരിക്കും ഷോസ് ചെയ്യുന്നത്. മോട്ടിവേഷൻ ചിന്തകൾ ലോകത്തിനോട് പങ്കുവയ്ക്കുന്പോൾ അതു മലയാളത്തിലായാൽ പ്രാദേശികമായിപ്പോകും. ഷോസിന് എന്റേതായ ശൈലിയും സ്വഭാവവും ഉണ്ടാകും. അത് ഓരോ കാഴ്ചക്കാരനും സ്വയം എന്തെന്നു തിരച്ചറിയാനുള്ള കരുത്ത് പകരുന്നതായിരിക്കും.
യുട്യൂബ് ഷോസിനുള്ള തയാറെടുപ്പുകൾ
അതിന്റെ സ്ക്രിപ്ടിംഗ് വർക്കുകൾ നടക്കുകയാണ്. എല്ലാ ചൊവ്വാഴ്ചയും ഒരു എപ്പിസോഡ് എന്ന നിലയിൽ അപ് ലോഡ് ചെയ്യാനാണ് വിചാരിക്കുന്നത്. ഇപ്പോൾ തന്നെ 4000 ഫോളോവേഴ്സ് യൂട്യൂബിലും ഇരുപതു ലക്ഷത്തിലധികം ഫോളോവേഴ്സ് ഫേസ്ബുക്കിലും ഏഴുലക്ഷത്തോളം ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിലും എനിക്കുണ്ട്. നമ്മുടെ ടാലന്റാണ് പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. വിനോദം പകരുന്നതിനേക്കാൾ മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിനു നമുക്കു കാരണമാകണം. അതാണ് എനിക്ക് എനർജി പകരുന്നത്.
നെഗറ്റീവുകളോടുള്ള സമീപനം
ഞാൻ നോക്കുന്നത് എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഉണ്ടാകുമല്ലോ എന്നതാണ്. ഈഗോയില്ലായ്മയെ തൊലിക്കട്ടിയെന്നു പറയുമെങ്കിൽ അതാണ് നമ്മുടെ വിജയം. ഏറെ വിമർശനം ഉയർന്ന ‘തേങ്ങാക്കുല’ എന്ന വീഡിയോ വന്നപ്പോൾ ആദ്യമെനിക്കു വിഷമം ഉണ്ടായിരുന്നു. അതിനും മുകളിൽ പോസിറ്റീവായി ജീവിതത്തെ കാണാൻ സാധിച്ചതുകൊണ്ടാണ് ഇപ്പോഴും പ്രേക്ഷകരുടെ മുന്നിലെനിക്കു നിൽക്കാൻ സാധിക്കുന്നത്. ലോകത്തിൽ നമ്മളെ നന്നാക്കാൻ ആരും ശ്രമിക്കില്ല. അതിനു നമ്മൾ തന്നെ വിചാരിക്കണം.
തിരക്കുകൾക്കിടയിൽ വിവാഹം
എനിക്കു ചുറ്റുമുള്ളവരിൽ പോസിറ്റീവ് ചിന്തകൾ പകർന്ന് കൂടുതൽ പേരിലേക്കെത്തിക്കേണ്ടതാണ് എന്റെ കർത്തവ്യം. അതിനു ശേഷം മാത്രമാണ് എന്റേതായ കാര്യങ്ങളിലേക്കു ശ്രദ്ധിക്കൂ. എല്ലാവരും സന്തോഷത്തോടും സ്നേഹത്തോടും പങ്കുവച്ചും കരുതിയും ജീവിക്കുന്നതിലേക്കാണ് നമ്മൾ ചിന്തിക്കേണ്ടത്. ഇതിനിടയിൽ കല്യാണവും സംഭവിക്കാം. എങ്കിലും ഇപ്പോഴതിൽ ഫോക്കസ് ചെയ്യുന്നില്ല.
കുടുംബവും വിദ്യാഭ്യാസവും
ഡാഡിയും മമ്മിയും ഒരു അനുജത്തിയുമാണ് എനിക്കുള്ളത്. ബി.ബി.എയ്ക്കു ശേഷം ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ നിന്നും മീഡിയ സൈക്കോളജി പൂർത്തിയാക്കിയാണ് ഈ ഫീൽഡിലേക്കെത്തുന്നത്.
ലിജിൻ കെ ഈപ്പൻ