അവതാരക, നടി, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് പേളി മാണി. ഇക്കഴിഞ്ഞ ദിവസം പേളി മാണി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. കഴിഞ്ഞുപോയ കടുത്ത വിഷാദത്തിന്റെ നാളുകളെക്കുറിച്ചാണ് ഒരു ചാനല്‍ ഷോയില്‍ വ്യക്തമാക്കിയിരിക്കുകയാണ് പേളി മാണി. നിലവില്‍ താന്‍ മോട്ടിവേഷണല്‍ സ്പീക്കറും മനക്കട്ടിയുള്ള സ്ത്രീയുമാണെങ്കിലും തന്റെ ജീവിതത്തിലും കടുത്ത വിഷാദത്തിലൂടെ കടന്നുപോയ ഒരു കാലഘട്ടമുണ്ടായിരുന്നു എന്നാണ് പേളി പറഞ്ഞത്. പേളിയുടെ വാക്കുകള്‍ ഇങ്ങനെ.
കടുത്ത വിഷാദത്തിലൂടെ കടന്നു പോയ വ്യക്തിയാണു ഞാന്‍. ആറുമാസത്തോളം വിഷാദം എന്നെ വരിഞ്ഞു മുറുക്കി. എല്ലായിടത്തും പരസ്യമായ തന്റെ റിലേഷന്‍ഷിപ്പ് തകര്‍ന്ന സമയമായിരുന്നു അത്. ഒരിക്കലും തകരില്ല എന്നു കരുതിയത് കൈവിട്ടു പോയതോടെയാണു താന്‍ വിഷാദത്തിന് അടിമയായത്.
അകത്ത് ഈ സങ്കടമുള്ളപ്പോള്‍ സ്റ്റേജിലൊരു ഷോ ചെയ്യുന്നത് എളുപ്പമായിരുന്നില്ല. പേളി മാണി എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണമെന്നാണ് പ്രേക്ഷകരുടെ പക്ഷം. എന്തുപ്രശ്നമുണ്ടെങ്കിലും പേളി ചിരിച്ചുകൊള്ളുമെന്നാണ് എല്ലാവരും പറയുന്നത്. എനിക്കും അങ്ങനെ തന്നെയാകണമെന്നാണ് ആഗ്രഹം. പക്ഷെ മേക്കപ്പ് റൂമിലിരുന്ന് കരഞ്ഞിട്ട് പെര്‍ഫോമന്‍സിനായി കയറിയ സന്ദര്‍ഭങ്ങളുണ്ട്. ഈ സമയത്ത് മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ അച്ഛന്റെ സഹായം തേടിയിട്ടുണ്ട്.
ഒരു മുറിവ് വന്നാല്‍ എപ്പോഴും അതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നാല്‍ പിന്നെയും വേദനിക്കുകയേ ഒള്ളൂ. അതുമറന്നുകളയാന്‍ സ്വയം പരിശ്രമിക്കണം. വികാരസ്ഥിരത നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണ് എന്നും പേളി പറയുന്നു.