വടക്കഞ്ചേരി: ഇത് മയിലുകളുടെ പ്രജനനകാലം. പൊന്ത കാടുകളിലും പരിചരണമില്ലാതെ കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങളിലുമെല്ലാം ഇപ്പോൾ മയിൽ മുട്ടകൾ കാണാം.
മാനത്ത് മഴ മേഘങ്ങൾ നിറയുന്പോൾ ആണ്മയിൽ പീലി വിടർത്തി നൃത്തം ചെയ്യുന്നതെല്ലാം നാട്ടിൻ പുറങ്ങളിലും മലയോരത്തുമെല്ലാം ഇനി കാഴ്ചകളാകും. പിടയെ ആകർഷിക്കാനാണ് ആണ്മയിലിന്റെ ഈ സാഹസം.
ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ് നീണ്ട പീലികൾ പൊക്കി വിരിച്ചുള്ള ഈ നൃത്തം. താറാവു മുട്ടയേക്കാൾ വലുപ്പമുള്ളതാണ് മയിൽ മുട്ടകൾ .
ഒരു സീസണിൽ പത്ത് മുട്ടകൾ വരെ മയിലുകൾ ഇടും. പൊന്ത പിടിച്ച് കിടക്കുന്ന മറ്റു ജീവികളുടെയൊന്നും ഇടപെടലുകളില്ലാത്ത സ്ഥലമാണ് പെണ്മയിൽ മുട്ടയിടാൻ തെരഞ്ഞെടുക്കുക.
ചുള്ളികന്പുകളും ഉണക്ക പുല്ലുകളും കൊണ്ടാകും ഇരിപ്പിടം. ഇതെല്ലാം ഒരുക്കൽ പെണ്മയിലിന്റെ ജോലിയാണ്. ആണ്മയിൽ ഇതെല്ലാം മാറി നിന്ന് വീക്ഷിക്കും. കോഴിയെപ്പോലെ തന്നെ തുടർച്ചയായി മയിലുകളും മുട്ടയിടും.
ഓരോ ദിവസവും മുട്ടക്കുമുകളിൽ അടയിരിക്കുന്ന സമയം കൂട്ടി മുട്ടയിടൽ കഴിയുന്നതോടെ പിന്നെ തീറ്റക്കല്ലാതെ മറ്റൊന്നിനും പെണ്മയിൽ ഇരിപ്പിടം വിട്ട് പോകില്ല.
അടയിരിക്കുന്പോൾ ഉണക്ക പുല്ലുകൾക്കിടയിലൂടെ തല ഉയർത്തി ശത്രുക്കളുടെ ആഗമനം നിരീക്ഷിക്കുമെന്ന് കണിച്ചിപരുതയിലെ ഓക്സിജൻ പ്ലാന്റ് ഉടമ പീറ്റർ പറയുന്നു.
മാൻ, ആന എന്നിവയെപ്പോലെ മനുഷ്യ സാന്നിധ്യമുളള സ്ഥലം സുരക്ഷിത സ്ഥലമായാണ് മയിലുകളും കണ്ടെത്തിയിട്ടുള്ളത്.
നിയമങ്ങളുടെ ഉൗരാകുടുക്കുകൾ കടുപ്പമേറിയതിനാൽ വഴിയിലിറങ്ങുന്ന മയിലുകളെ തുറിച്ച് നോക്കാൻ പോലും ഇപ്പോൾ ആളുകൾക്ക് പേടിയാണ്.
പ്ലാന്റ് പ്രവർത്തിക്കുന്ന കോന്പൗണ്ടിൽ തന്നെ മയിൽ കൂട്ടങ്ങളുള്ളതിനാൽ പ്ലാന്റിന്റെ പ്രവർത്തന സമയം കഴിഞ്ഞാൽ പിന്നെ മയിൽ നിരീക്ഷണവും പീറ്ററേട്ടന്റെ ഹോബിയായി മാറിയിട്ടുണ്ട്.
പെണ്മയിൽ തീറ്റ തേടി പോകുന്പോൾ മുട്ടകൾക്ക് കാവലുമുണ്ട്. രാവിലേയും വൈകീട്ടുമാണ് ഇവ തീറ്റക്കിറങ്ങുക.