ചാലക്കുടി: കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഉപയോഗത്തിനുശേഷം തള്ളിക്കളഞ്ഞ വീപ്പകൾ ഉപയോഗിച്ച് ഉണ്ടാക്കിയ വാഷ്ബേസിനുകൾ കൗതുകമായി.
ചാലക്കുടി സെൻട്രൽ റോട്ടറി ക്ലബാണ് ടൗണിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനുവേണ്ടി ടാർ വീപ്പകൾ ഉപയോഗിച്ച് മനോഹരമായ ഹാൻഡ് വാഷ് ബേസിനുകൾ ഒരുക്കിയത്.
ടാർവീപ്പയിൽ വെള്ള പെയിന്റടിച്ച് “ബ്രേക്ക് ദി ചെയിൻ’ കൊറോണ പ്രതിരോധ എംബ്ലം രേഖ പ്പെടുത്തിയ ടാർ വീപ്പക്ക് മുകളിൽ സ്റ്റീൽ വാഷ് ബേസിൻ ഘടിപ്പിച്ച് മുകളിൽ പൈപ്പ് ഘടിപ്പിച്ചിരിക്കുന്നത് ആധുനിക രീതിയിലുള്ള വാഷ് ബേസിനുകളെ വെല്ലുന്ന രീതിയിലാണ്. പൈപ്പിൽ വരുന്നവരെല്ലാം കൈ തൊട്ട് അണുബാധയുണ്ടാകുമെന്ന ഭീതിയും വേണ്ട.
പെഡലിൽ ചവിട്ടിയാൽ പൈപ്പിൽനിന്നും വെള്ളം വരുന്ന രീതിയാണ്. ഇതിനാൽ പൊതുവേ ഉപയോഗിക്കേണ്ട 40 ശതമാനം കുറവു വെള്ളം മതിയാകും.
കോഴിക്കോട് ഉള്ള ഒരു സ്റ്റാർട്ടപ്പ് കന്പനിയാണ് ഇതു രൂപകല്പന ചെയ്തത്. കഴിഞ്ഞദിവസം മുനിസിപ്പൽ ജംഗ്ഷനിൽ 10 വാഷ് ബേസനുകൾ ഓരോ ഇടത്തേക്കു കൊണ്ടുപോകുന്നതിന് അണിനിരത്തിയപ്പോൾ വേറിട്ട കാഴ്ചയായി.
നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ, സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡന്റ് അനൂപ് ചന്ദ്രൻ, ബിബിൻ മാണിക്കത്താൻ, രഞ്ജു പ്രേമൻ, ഷോബി കണിച്ചായി, എം.എം. ഷക്കീർ, സി.ബി. അരുണ്‍, തന്പി വർഗീ സ്, എം.ജെ. ജോബി എന്നിവർ സന്നിഹിതരായിരുന്നു.