ഡോർട്ട്മുണ്ട്: ജർമൻകുപ്പായത്തിൽ അവസാന മത്സരത്തിനിറങ്ങിയ ലുകാസ് പൊഡോൾസ്കിയുടെ ഒറ്റയടിയിൽ ഇംഗ്ലണ്ട് വീണു. അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ പൊഡോൾസ്കിയുടെ ഗോളിൽ ഇംഗ്ലണ്ടിനെ ജർമനി പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജർമനി വിജയിച്ചത്.
69 -ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും പൊഡോൾസ്കി പായിച്ച തകർപ്പൻ ഷോട്ട് ഇംഗ്ലീഷ് വലയിൽ തുളച്ചുകയറുകയായിരുന്നു. വിജയഗോൾ നേടി പൊഡോൾസ്കി തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി. രാജ്യത്തിനായി പൊഡോൾസ്കിയുടെ 49-ാം ഗോളായിരുന്നു ഇത്. 13 വർഷത്തെ ഫുട്ബോൾ ജീവിതത്തിൽ ജർമനിക്കായി 130-ാം മത്സരമാണ് പൊഡോൾസ്കി പൂർത്തിയാക്കിയത്.