മലപ്പുറം: മലപ്പുറത്ത് ഏഴുവയസുകാരിയെ ഉപദ്രവിച്ച ഏഴുപതുകാരനെ ഇതുവരെ പിടികൂടാനായില്ല. സംഭവത്തിനു ശേഷം 5000 രൂപ കൊടുത്ത് പ്രശ്നം ഒതുക്കിത്തീര്‍ക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. പ്രതിയ്ക്കെതിരേ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇയാള്‍ എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് വിവരമൊന്നുമില്ല. പോലീസ് കേസന്വേഷണത്തില്‍ അലംഭാവം കാണിക്കുന്നതായും ആരോപണമുണ്ട്.
ബാലികയെ കുളിപ്പിക്കുന്നതിനിടയില്‍ ശരീരത്ത് രക്തം കണ്ടതിനെത്തുടര്‍ന്ന് മാാതാവ് കാര്യമന്വേഷിച്ചപ്പോഴാണ് പീഡനം നടന്നതായി അറിഞ്ഞത്. വീട്ടുമുറ്റത്തിരുന്ന തന്നെ വീട്ടിനകത്തു കൊണ്ടുപോയി വൃദ്ധന് ഉപദ്രവിച്ചെന്നാണ് കുട്ടിയുടെ മൊഴി. സംഭവം പുറത്തറിയാതിരിക്കാനും കേസ് കൊടുക്കാതിരിക്കാനും ആവശ്യപ്പെട്ട് പ്രതി 5000 രൂപയുമായി എത്തുകയും ചെയ്തു. പ്രതിയുടെ ഭാര്യയും ആ സമയത്ത് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ബാലികയുടെ അമ്മ പൊട്ടിക്കരഞ്ഞതോടെ നാട്ടുകാര്‍ വിവരമറിയുകയും ഇവരെ ഇറക്കിവിടുകയും ചെയ്യുകയായിരുന്നു.
കേസ് പിന്‍വലിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുമെന്നും കേസ് നടത്താന്‍ ധാരാളം പണം ആവശ്യമാണെന്നും പറഞ്ഞ് ചിലര്‍ തങ്ങളെ സമീപിച്ചതായും വീട്ടുകാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ സഹായങ്ങളും താന്‍ നല്‍കാമെന്ന് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ടി. ബഷീര്‍ വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. പ്രതി നാട്ടിലെ പ്രമുഖനും രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനുമായതിനാല് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രാദേശിക എല്‍.ഡി.എഫ്, യു.ഡി.എഫ്. നേതാക്കള്‍ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.