ആലപ്പുഴ : കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കേണ്ട പോലീസ് തന്നെ കുറ്റം ചെയ്താല്‍ അവരെ ആരു നിയന്ത്രിക്കും ? ആലപ്പുഴയില്‍ പതിനാറുകാരിയെ എല്ലാ ദിവസവും പാതിരാത്രിയില്‍ വീട്ടില്‍ നിന്നിറക്കി റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പോലീസുകാരനായ നെല്‍സണ്‍ ബാംഗ്ലൂരില്‍ വച്ചാണ് പിടിയിലായത്.
ഇയാളെ ഞായറാഴ്ച രാത്രിയില്‍ ആലപ്പുഴയില്‍ എത്തിച്ച് ചോദ്യംചെയ്തു. ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് മൊഴി. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ആതിരയ്‌ക്കെതിരേയും നെല്‍സണ്‍ തോമസിനെതിരേയും പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമുണ്ടെന്നാണ് സൂചന. ആതിരയെയും പൊലീസുകാരനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണം കൂടുതല്‍പേരിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നാട്ടുകാരുടെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് സംഭവം പുറംലോകമറിഞ്ഞത്. അതിനിടെ ഉന്നതരെ രക്ഷിക്കാന്‍ നീക്കം സജീവമാണെന്ന ആശങ്കയും സജീവമായി.
പീഡനക്കേസുകളില്‍ നെല്‍സണ്‍ പെടുന്നത് ഇതാദ്യമല്ല. സ്ത്രീ തല്‍പരരായ ഉദ്യോഗസ്ഥരെ ചാക്കിലാക്കി അവര്‍ക്കു വേണ്ടത് ചെയ്തു കൊടുക്കുകയാണ് ഇയാളുടെ സ്ഥിരം പരിപാടി. കേസിലെ പ്രധാന പ്രതിയായ ആതിര പിടിയിലായപ്പോള്‍ ഇയാളെ രക്ഷിച്ചത് മറ്റൊരു പൊലീസുക്കാരനും വേറൊരു സുഹൃത്തുംകൂടിയാണെന്നും സൂചനയുണ്ട്.നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ നെല്‍സണ് കാഴ്ച വച്ച ആതിര പിടിയിലായതിനെത്തുടര്‍ന്നാണ് നെല്‍സണ്‍ മുങ്ങിയത്.ഇയാളുടെ പൂങ്കാവിലുള്ള സുഹൃത്തിന്റെ ഇന്നോവ കാറിലാണ് സുഹൃത്തായ മറ്റൊരു പൊലീസുക്കാരന്‍ രക്ഷപ്പെടുത്തിയതെന്ന് ചില സൂചനകള്‍.
വനിത സി ഐ പെണ്‍കുട്ടിയില്‍നിന്നും മൊഴിയെടുത്തതനുസരിച്ച് ജില്ലയിലെ ഒരു ഡിവൈഎസ്പിയും ചേര്‍ത്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സിഐയും എറണാകുളം സ്വദേശിയും അമ്പലപ്പുഴയിലും മാരാരിക്കുളത്തും സേവനം നടത്തിയിരുന്ന ജൂനിയര്‍ എസ്‌ഐയും ഉള്‍പ്പെട്ടതായി അറിയുന്നു. ഇതിനിടെ പെണ്‍കുട്ടിയ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കൂടുതല്‍ പരിശോധനക്കായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നറിയുന്നു.കേസില്‍ ഉള്‍പ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതായി പൊലീസില്‍ തന്നെ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ഇപ്പോള്‍ നെല്‍സണെ കരുവാക്കി ഉന്നതരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അറസ്റ്റിലായ നെല്‍സണ്‍ പീഡന കാര്യത്തില്‍ കേമനാണെന്നാണ് ജനസംസാരം. നേരത്തെ ആലപ്പുഴയിലെ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ സി ഐ ആയി പ്രവര്‍ത്തിക്കുകയും ഡി വൈ എസ് പിയായി വിരമിക്കുകയും ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് നെല്‍സണ്‍. സി ഐ ആകട്ടെ സ്ത്രീ വിഷയത്തില്‍ കെങ്കേമന്‍. വനിത പൊലീസ് ഉദ്യോഗസ്ഥരെ ട്രാഫിക്ക് ഡ്യൂട്ടിക്കായി തെരുവില്‍ ഇറക്കുന്ന പതിവ് പണിയായിരുന്നു സി ഐയ്ക്ക് അന്നുമുതല്‍ സി ഐയ്‌ക്കൊപ്പം സഞ്ചരിച്ച് മുഴുവന്‍ കാര്യങ്ങളും ചെയ്തു നല്‍കിയിരുന്നത് നെല്‍സണായിരുന്നു.
പെണ്‍വിഷയത്തില്‍ തല്‍പരനായ മുന്‍ സി ഐയ്‌ക്കെതിരെ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്റിനു പിറകില്‍ താമസിക്കുന്ന കൊച്ചി സ്വദേശിയായ വീട്ടമ്മ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ആലപ്പുഴ കലവരൂരിലെ ഒരു റിസോര്‍ട്ടില്‍നിന്നും അനാശാസ്യത്തിന് പിടിക്കൂടിയ യുവതിയെ അറസ്റ്റു ചെയ്ത ുകൊണ്ടുപോയ നെല്‍സണ്‍ ചേര്‍ത്തലയിലെ മറ്റൊരു റിസോര്‍ട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചത് വിവാദമായിരുന്നു. യുവതി ഇയാള്‍ക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ആലപ്പുഴ എ ആര്‍ ക്യാമ്പില്‍ കഴിഞ്ഞുവന്ന നെല്‍സണെ അടുത്തസമയത്താണ് സ്റ്റേഷനിലേക്ക് മാറ്റിയത്.