പട്ടിക്കാട്: പ്രളയദുരന്തത്തിൽ ഭവനം നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങാകുകയാണ് പീച്ചി സർവീസ് സഹകരണ ബാങ്ക്. പ്രളയദുരിതത്തിൽ ഭവനം നഷ്ടപ്പെട്ട വഴക്കുന്പാറ കുന്നുംപുറം ഇല്ലിമൂട്ടിൽ ജോബിനാണ് അഞ്ചു ലക്ഷം രൂപയ്ക്ക് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനാവശ്യമായ തുക ബാങ്കിന്റെ ജനറൽ ഫണ്ടിൽ നിന്നോ മറ്റു സുമനസുകളിൽ നിന്നോ സ്വീകരിക്കാതെ ജീവനക്കാർ രൂപീകരിച്ചിരിക്കുന്ന ചാരിറ്റി സംഘടനയിൽ നിന്നാണ് പണമെടുക്കുക. ഭവന നിർമാണ പദ്ധതി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി.അനിത ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് സിജി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഭാസ്കരൻ ആദംകാവിൽ മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ.ഷണ്മുഖൻ, ഡയറക്ടർ സി.വി.ജോസ്, സെക്രട്ടറി എം.ജെ.ഐസക്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ.സി.അഭിലാഷ്, ജില്ലാ മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് ലീലാമ്മ തോമസ്, പഞ്ചായത്ത് മെന്പർമാരായ ബാബു തോമസ്, പി.പി.ജോണി, മുൻ ബാങ്ക് പ്രസിഡന്റ് എം.കെ.ശിവരാമൻ, ടി.പി.ജോർജ്, പീച്ചി വില്ലേജ് ഓഫീസർ ജോസ് തുടങ്ങിയവർ പങ്കെടുത്തു.