പീച്ചി: പീച്ചി സർക്കാർ ആശുപത്രി ഏതു നിമഷവും നിലംപൊത്താവുന്ന നിലയിൽ. മുഴുവൻ മുറികളും ചോർന്നൊലിക്കുന്നു. കെട്ടിടത്തിലെ മൂത്രപ്പുരകൾ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു. രോഗികൾക്കും ജീവനക്കാർക്കും ചോർച്ചയുള്ളതിനാൽ ആശുപത്രിയിൽ കുടചൂടി നിൽക്കേണ്ട അവസ്ഥ. ഒരു നഴ്സുപോലും ഇല്ല. ഒരു ഡോക്ടറും ഒരു ഫാർമസിസ്റ്റും മാത്രമാണുളളത്.
പീച്ചി, പട്ടിലുംകുഴി, ചളിക്കുഴി, വിലങ്ങന്നൂർ, മൈലാട്ടുംപാറ, താമരവെള്ളച്ചാൽ ആദിവാസി കോളനി തുടങ്ങിയ പ്രദേശത്തെ ആയിരക്കണക്കിനു രോഗികളുടെ ആശ്രയമാണ് ഈ ആശുപത്രി. മുൻകാലങ്ങളിൽ ഈ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചിരുന്നതാണ്. ഇന്ന് ആശുപത്രിയുടെ അവസ്ഥ ദയനീയം.
പീച്ചി സർക്കാർ ആശുപത്രിക്കു കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിനും ഭീമഹർജിയിലേക്ക് ഒപ്പുശേഖരണത്തിനും തുടക്കം കുറിച്ചു. പീച്ചി ഡാമിനോളം പഴക്കമുള്ളതാണ് പീച്ചി ആശുപത്രി. ജലസേചന വകുപ്പിന്റെ കൈവശമുളള സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്.
2017 ൽ ഇറിഗേഷൻ വകുപ്പ് ആശുപത്രി നിർത്തലാക്കുവാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു. കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത,് പഞ്ചായത്ത് മെന്പർമാരായ കെ.പി. എൽദോസ്, മനോജ് എന്നിവർ ചേർന്ന് ഹൈക്കോടതിയിൽ ഹർജി കൊടുത്ത് ആശുപത്രി നിർത്തലാക്കാനുള്ള നീക്കം സ്റ്റേ ചെയ്തു. തുടർന്ന് ആശുപത്രി ആരോഗ്യ വകുപ്പ് ഏറ്റെടുത്തു.
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ഭീമഹർജിയിലേക്ക് ഒപ്പുശേഖരണം തുടങ്ങി. ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ.കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബു പോൾ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് മെന്പർമാരായ ബാബു തോമസ്, കെ.പി. എൽദോസ്, കെ.എം. മനോജ്, ജിഷ വാസു, ഷൈജു കുരിയൻ, സി.എ. ആന്റണി, വിനോദ് തോടുംപറന്പിൽ, ടി.യു. കുര്യൻ, തങ്കപ്പൻ, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമാസ് എന്നിവർ നേതൃത്വം നൽകി.