പട്ടിക്കാട്/തൃശൂർ: പീച്ചി ഡാം ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കു തറക്കും. ഡാമിന്റെ ഷട്ടറുകൾ ഒരു ഇഞ്ച് മാത്രമാണു തുറക്കുക. ഡാമിലെ വെള്ളം മണലി പുഴയിലൂടെയാണ് പുറത്തേക്ക് ഒഴുകുക. കുറുമാലി, കരുവന്നൂർ പുഴകളിലൂടെ വെള്ളം കടലിലെത്തും. ഡാം തുറന്നു വെള്ളം ഇരന്പിയലച്ച് ഒഴുകുന്ന മനോഹര ദൃശ്യം കാണാനും കാമറയിൽ പകർത്താനും അനേകം വിനോദ സഞ്ചാരികൾ പീച്ചിയിലെത്തും. നാലുവർഷത്തിനുശേഷമാണ് പീച്ചിഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്.
ഡാമിലെ ജലനിരപ്പ് അനുവദനീയമായ 78.7 മീറ്ററായി ഉയർന്നതോടെയാണ് വെള്ളം തുറുന്നുവിടാൻ തീരുമാനിച്ചത്. ജലനിരപ്പ് ഉയർന്നുവന്നതിനാൽ കഴഞ്ഞ രണ്ടു ദിവസമായി ജലസേചന വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇന്നലെയാണു മൂന്നാമത്തെ മുന്നറിയിപ്പു നൽകിയത്.
മഴ ശക്തമായി തുടരുകയും ഡാമിലെ ജലനിരപ്പ് ഇനിയും ക്രമാതീതമായി ഉയരുകയും ചെയ്താൽ മാത്രമേ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയരത്തിൽ തുറക്കൂവെന്ന് പീച്ചിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജ് പറഞ്ഞു.
പീച്ചി ഡാമിൽ ഇപ്പോൾ 86.18 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ആറിരട്ടിയോളം വെള്ളം ഡാമിലുണ്ട്. ഇതേസമയം ചിമ്മിനി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 71.7 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. 75.7 മീറ്ററായാൽ ചിമ്മിനി ഡാമും തുറക്കേണ്ടിവരും.
ഇരു ഡാമുകളിലേയും വെള്ളം തുറന്നുവിടുന്ന അവസ്ഥ ഉണ്ടായാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർക്കു ദുരിതമാകും. പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.