തൃശൂര്‍: സോപ്പും ബോഡിവാഷുമൊക്കെ അടക്കി വാഴുന്ന കുളിമുറികളിലേക്ക് നാടന്ബാത്ത് സ്ക്രബ്ബര്‍ എന്ന പീച്ചിങ്ങ തിരിച്ചെത്തുന്നു!! തൃശൂരിന്റെ വഴിവാണിഭ വിപണിയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് പീച്ചിങ്ങയാണ്.
ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി ജയനാണ് ശക്തന് സ്റ്റാന്‍ഡിനു സമീപം പീച്ചിങ്ങകളുമായി വില്പനക്കെത്തിയത്. കൂലിപ്പണിക്കാരനായിരുന്ന ജയന് പ്രായം എഴുപതായതോടെയാണ് കൂലിപ്പണി വിട്ട് പീച്ചിങ്ങ വില്പനയിലേക്ക് തിരിഞ്ഞത്.
സുഹൃത്തും ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയുമായ കണ്ണനാണ് തൃശൂര്‍ ജില്ലയിലെ പലയിടങ്ങളില്‍ നിന്നായി പീച്ചിങ്ങ ശേഖരിക്കുന്നത്. ഇത് ഉണക്കി തോടു കളഞ്ഞ് ജയന് വില്പന നടത്തും.
രണ്ടെണ്ണത്തിന് പതിനഞ്ചുരൂപ എന്ന നിരക്കിലാണ് പീച്ചിങ്ങ വില്പന. പുതിയ തലമുറയേക്കാള്‍ കൂടുതലും പഴയ തലമുറയില്‍പെട്ടവര്‍ തന്നെയാണത്രെ പീച്ചിങ്ങയുടെ ആവശ്യക്കാര്‍.