ഫ്രാങ്കോ ലൂയിസ്
തൃശൂർ: പീച്ചി പട്ടിലുംകുഴിയിലെ ചെറുപ്പക്കാർ ഇന്നലെ വാർക്കപ്പണിയിലായിരുന്നു. ഈ പ്രദേശത്തെ ചെറുപ്പക്കാരുടെ ദശാബ്ദങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള വാർക്കപ്പണി.
ഫുട്ബോൾ കോർട്ട് സ്ഥാപിക്കാനാണ് അവർ ഇന്നലെ ചട്ടിയെടുത്ത് സിമന്റുപണി നടത്തിയത്. അവരുടെ ഫുട്ബോൾ സ്വപ്നം കൈയെത്തിപ്പിടിക്കാൻ നേതൃത്വം നൽകുന്ന കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തും അവർക്കൊപ്പം സിമന്റുചട്ടിയെടുത്തു.
ഫുട്ബോൾ കോർട്ടിന്റെ ആദ്യഘട്ടം കോണ്ക്രീറ്റു പണിയാണു ഇവരെല്ലാം ചേർന്നു പുർത്തിയാക്കിയത്. അടുത്ത രണ്ടാഴ്ചകളിലും ഇങ്ങനെ ഇവർ പണിക്കിറങ്ങും. രണ്ടുമാസത്തിനകം പണി പൂർത്തിയാകും.
പട്ടിലുംകുഴി, പീച്ചി, മൈലാട്ടുംപാറ, കട്ടച്ചിറക്കുന്ന് പ്രദേശങ്ങളിലെ ചെറുപ്പക്കാരുടെ കലാകായിക മേഖലയിലെ ഉന്നമനത്തിനുവേണ്ടി രൂപം കൊടുത്ത പട്ടിലുംകുഴി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ കോർട്ട് പണിയുന്നത്.
പട്ടിലുംകുഴിയിൽ ജനകീയനായിരുന്ന അരവിന്ദാക്ഷേട്ടന്റെ പേരിലാണ് ടർഫ് ഫുട്ബോൾ കോർട്ട് സ്ഥാപിക്കുന്നത്. തൃശൂരിലെ ടർഫ് കോർട്ടിൽ ഫുട്ബോൾ കളിക്കാൻ 10 പേർക്കു മണിക്കൂറിന് 1000, 1500 രൂപ കൊടുക്കേണ്ടിവരും.
നഗരത്തിലേക്കു പോകാനുള്ള വാഹനച്ചെലവു വേറെ. ഗ്രാമത്തിലെ പാവപ്പെട്ട ചെറുപ്പക്കാർക്ക് ഇതൊന്നും താങ്ങാനാവില്ല.അങ്ങനെയാണ് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, പഞ്ചായത്ത് മെന്പറായ കെ.പി. എൽദോസ്, ജേക്കബ് പയ്യപ്പിള്ളി, ഗംഗാധരൻ മാസ്റ്റർ, വിൽസണ് പയ്യപ്പിള്ളി, ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് രൂപീകരിച്ചത്.
മത്തായി, റെനിൽ, കുഞ്ഞയ്യപ്പൻ തുടങ്ങിയവർ കൊടുത്ത സ്ഥലത്തു ജനകീയ പങ്കാളിത്തത്തോടെ കോർട്ട് നിർമാണം ആരംഭിച്ചു. നാട്ടുകാരും സ്പോർട്സ് പ്രേമികളുമെല്ലാം കൈകോർത്തു. അങ്ങനെയാണു സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നത്.
പീച്ചിയിലെ ആദ്യത്തെ ടർഫ് കോർട്ടാണിത്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ രണ്ടാമത്തേതും. വലിയ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കാനുള്ള പരിശീലനക്കളരി കൂടിയാകും ഈ ടർഫ്. ക്ലബ്ബിന്റെ പ്രസിഡന്റ് അജിത്ത് ജേക്കബും സെക്രട്ടറി മനു ചീരംകൊന്പിലും ട്രഷറർ വിൻസെന്റ് പയ്യപ്പിള്ളിയുമാണ്.
പട്ടിലുംകുഴിയിലെ പട്ടിലുംകുഴി-കട്ടച്ചിറക്കുന്ന് പാലവും മണലിപ്പുഴയിലെ ആദ്യത്തെ തടയണയായ പട്ടിലുംകുഴി തടയണയും പട്ടിലുംകുഴി റോഡും അടക്കമുളള വികസനങ്ങൾ ജനകീയ പങ്കാളിത്തതോടെയാണ് പണി പൂർത്തിയാക്കിയത്.