കാഞ്ഞങ്ങാട്: സ്ത്രീധനത്തിനു വേണ്ടി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരേ പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ഹസൈനാറിന്റെ മകൾ ആരിഫയുടെ (27) പരാതിയിൽ ഭർത്താവ് അജാനൂർ മുട്ടുന്തലയിലെ റഫീക്ക് (30), മാതാവ് അലീമ, പിതാവ് അബ്ദുള്ള, സഹോദരി സുമയ്യ, ബന്ധുക്കളായ മുഹമ്മദ് കുഞ്ഞി, അബ്ദുള്ള എന്നിവർക്കെതിരേയാണ് കേസ്. 2008 ഡിസംബർ 14 നാണ് ഇവർ വിവാഹിതരായത്.
വിവാഹസമയത്ത് 35 പവൻ സ്വർണവും രണ്ടരലക്ഷം രൂപയും 60,000 രൂപ വിലവരുന്ന ബൈക്കും നൽകിയിരുന്നുവത്രെ. ഇപ്പോൾ വീണ്ടും പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും നിരന്തരം പീഡിപ്പിക്കുന്നതായാണ് പരാതി. പീഡനത്തെ തുടർന്ന് ആരിഫ കൈഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.