മങ്കൊമ്പ് : പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തിൽ പിതാവിന് മരണം വരെ തടവും ഒരുലക്ഷം രൂപ പിഴയും. കൂടാതെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് മൂന്നു ലക്ഷം രൂപ സർക്കാർ നൽകണമെന്നും കോടതി വിധിച്ചു. പുളിങ്കുന്ന് സ്വദേശിക്കെതിരെയാണ് ആലപ്പുഴ ഫാസ്റ്റ്ട്രാക്ക് സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജ് പഞ്ചാബ് കേശൻ ശിക്ഷ വിധിച്ചത്.
ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസാണിത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കൂട്ടിരിപ്പുകാരനായി എത്തിയ ഇദ്ദേഹം പെണ്‍കുട്ടിയെ ആശുപത്രിയിൽവച്ച് ലൈംഗികമായി പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു കേസ്.
തുടർന്ന് കുട്ടി ഡോക്ടറോട് വിവരം പറയുകയും ഡോക്ടർ ആലപ്പുഴ വനിതാ സെല്ലിൽ അറിയിക്കുകയുമായിരുന്നു. പുളിങ്കുന്ന് സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന ബിനു, വി.എസ്. ദിനരാജ് എന്നിവർക്കായിരുന്നു കേസന്വേഷണത്തിന്റെ ചുമതല.