ആലപ്പുഴ: വസ്ത്ര വ്യാപാര ശാലയിലെത്തിയ 15കാരിയെ കടയുടമ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ടു മാരാരിക്കുളം തെക്കു പഞ്ചായത്ത് പൂങ്കാവ് ലെവൽക്രോസിനു സമീപത്തെ കൂട്ടുകാരൻസ് വസ്ത്രവ്യാപാര ശാല ഉടമയും കാളാത്ത് വെളിയിൽ അബ്ദുൾ റസാഖിന്റെ മകനുമായ ഷാജി(41)യെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച വസ്ത്രം വാങ്ങുന്നതിനായി എത്തിയ പെണ്‍കുട്ടിയെ ഷാജി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പോലീസിനു മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. സംഭവമറിഞ്ഞ പ്രദേശവാസികളും ബന്ധുക്കളും ഇന്നലെ ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
നോർത്ത് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. സംഭവത്തിനുശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് വിവരം പറയുകയും തുടർന്ന് ഇവർ ഇന്നലെ പോലീസിൽ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.