കൊച്ചി: നടന്മാര്ക്കെതിരായ ലൈംഗികാതിക്രമ പരാതി പിന്വലിക്കാനുള്ള തീരുമാനം നടി ഉപേക്ഷിച്ചു. നടന്മാരായ എം. മുകേഷ് എംഎല്എ, മണിയന്പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന്, അണിയറപ്രവര്ത്തകരായ നോബിള്, ബിച്ചു, കോണ്ഗ്രസ് അഭിഭാഷക സംഘടനയിലെ മുന് പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖരന് എന്നിവര്ക്കെതിരായ പീഡനപരാതിയുമായി മുന്നോട്ടുപോകുമെന്നും നടി മാധ്യമങ്ങളോടു വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും അവര് പറഞ്ഞു.
സര്ക്കാരില്നിന്ന് പിന്തുണ കിട്ടുന്നില്ലെന്നും വ്യാജ പോക്സോ കേസില് കുടുക്കിയെന്നും ആരോപിച്ചു കേസ് പിന്വലിക്കാന് ഒരുങ്ങുകയാണെന്ന് നടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് വൈകാരികമായ പശ്ചാത്തലത്തിലാണ് അത്തരത്തില് പ്രതികരിച്ചതെന്നു നടി വിശദീകരിച്ചത്. കേസുമായി മുന്നോട്ടുപോകാന് ഭര്ത്താവ് ഉള്പ്പെടെ ആവശ്യപ്പെട്ടുവെന്നും അതിനാലാണ് തീരുമാനത്തില്നിന്നു പിന്മാറിയതെന്നും നടി പറഞ്ഞു.
അതിനിടെ, നടിയുടെ തീരുമാനം എന്തുതന്നെയായാലും കേസന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.കേസ് വലിയ മനോവിഷമമുണ്ടാക്കി. പോക്സോ കേസ് എടുത്തത് ഉള്പ്പെടെയുള്ള കാരണങ്ങളാണു കേസ് പിന്വലിക്കാനുള്ള ആലോചനയിലേക്ക് എത്തിച്ചത്.
അപവാദപ്രചാരണങ്ങളിലും സമൂഹമാധ്യമ ആക്രമണങ്ങളിലും മാനസിക സമ്മര്ദത്തിലാണെന്നും നടി പ്രതികരിച്ചു. നടിയുടെ പരാതിയില് കേസ് രജിസ്റ്റര് ചെയ്ത പ്രത്യേക സംഘം നടിയുടെ രഹസ്യമൊഴി ഉള്പ്പെടെ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് കേസുകളില്നിന്നു പിന്മാറുകയാണെന്ന് അറിയിച്ച് നടിയുടെ വൈകാരിക പ്രതികരണം പുറത്തുവന്നത്.
നടിക്കെതിരേ ബന്ധുവായ യുവതി നല്കിയ പരാതിയിലാണു പോലീസ് പോക്സോ കേസെടുത്തത്. 16 വയസുള്ളപ്പോള് ഒഡീഷനാണെന്നു പറഞ്ഞ് ചെന്നൈയില് കൊണ്ടുപോയി കാഴ്ചവയ്ക്കാന് ശ്രമിച്ചെന്നായിരുന്നു പരാതി.