ചൈനീസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിലും നല്ല ഡിമാന്റാണ്. അങ്ങനെയെങ്കിൽ ചൈനയിലെ സുപ്രീം പീപ്പിൾസ് പ്രോക്യൂറേറ്റ് പുറത്തിറക്കിയ പുതിയ നിർദ്ദേശവും ഇന്ത്യക്ക് പിന്തുടരാവുന്നതാണ്. പീഡിപ്പിച്ചാലോ പീഡനശ്രമം നടത്തിയാലോ മാത്രമല്ല ഇനി ചൈനയിൽ കേസെടുക്കുക.
പ്രായപൂർത്തിയാകാത്ത കുട്ടികളോട് നഗ്നഫോട്ടോകൾ ആവശ്യപ്പെടുകയോ സെക്സിന് സമ്മർദം ചെലുത്തുകയോ ചെയ്താൽ കുട്ടികൾക്കെതിരായ ലൈംഗിക പീഡനമാകുമെന്ന് ചൈനീസ് സുപ്രീം പീപ്പിൾസ് പ്രോക്യുറ്ററേറ്റ് (എസ്.പി.പി) വ്യക്തമാക്കിയിരിക്കുന്നു.
ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുന്നതിനും ശിക്ഷ ശിപാർശ ചെയ്യുന്നതിനും രാജ്യത്തെ പ്രോസിക്യൂട്ടർമാർക്ക് മാർഗനിർദേശം നൽകിയിരിക്കയാണ് എസ്.പി.പി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച കേസുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നിർദേശങ്ങൾ.
കഴിഞ്ഞ വർഷം നഗ്ന ഫോട്ടോകൾ അയയ്ക്കുന്നതിന് 13 കാരിയെ ഓണ്‍ലൈനിൽ ഭീഷണിപ്പെടുത്തിയതിന് 25 കാരനായ ലുവോയ്ക്കെതിരെ ഫയൽ ചെയ്ത കേസാണ് ഒരു ഉദാഹരണം. ഇന്റർനെറ്റ് വഴി ഫോട്ടോകൾ അയച്ചതിനു പിന്നാലെ കുട്ടിയോട് സെക്സിയായി ഹോട്ടലിൽ എത്താൻ സമ്മർദം ചെലുത്തി.
ഇല്ലെങ്കിൽ ഫോട്ടോകൾ ഓണ്‍ലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഹോട്ടലിലേക്കുള്ള മാർഗമധ്യേ യുവാവ് അറസ്റ്റിലായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ ലുവോയെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് കഴിഞ്ഞ ഓഗസ്റ്റിൽ ഡിസ്ട്രിക്ട് കോടതി ഒരു വർഷം ജയിലിലടയ്ക്കാൻ ശിക്ഷിച്ചു.
പീഡനം നടന്നിട്ടില്ലെന്ന പ്രതിയുടെ വാദം തള്ളിപ്പോയി. യഥാർഥത്തിൽ പീഡനം നടക്കാത്തതിനാലാണ് ശിക്ഷ കുറഞ്ഞതെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ പോലും കേസാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞത് ചൈനയിൽ നടപ്പാക്കിയിരിക്കുന്നുവെന്ന് ചുരുക്കം.