പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിക്ക് ഏഴുവർഷം കഠിനതടവും 65,000 രൂപ പിഴയും.
തണ്ണിത്തോട് തൂന്പാകുളം തൈപ്പറന്പിൽ പ്രകാശി (43) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ), ജഡ്ജി ജയകുമാർ ജോണ്‍ ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം നാലു വർഷം തടവും 40,000 രൂപയും ഐപിസി 457 പ്രകാരം മൂന്നു വർഷം തടവും 25,000രൂപ പിഴയും ശിക്ഷിച്ച് ഉത്തരവായി.
പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷ പ്രത്യേകമായി അനുഭവിക്കണമെന്നും പിഴത്തുക ഇരയായ പെണ്‍കുട്ടിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രകാശ് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
തണ്ണിത്തോട് എസ്ഐ ആയിരുന്ന ആർ. മനോജ്കുമാറാണ് കേസെടുത്തത്.സംഭവദിവസം തന്നെ പ്രതി അറസ്റ്റിലായി. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ ജെയ്സണ്‍ മാത്യൂസ് ഹാജരായി.