കോഴിക്കോട്: കൊറിയൻ സ്വദേശിനിയെ കരിപ്പൂരിൽ അജ്ഞാതൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് ആശയക്കുഴപ്പത്തിൽ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഡോക്ടർക്ക് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എ
ന്നാൽ തുടർന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ല. മജിസ്ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും യുവതി മജിസ്ട്രേറ്റിനോടും പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
യുവതി ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വൈദ്യപരിശോധന നടത്തിയിരുന്നു.
എന്നാൽ പരിശോധന ഫലത്തിലും ഇത്തരം പീഡനം നടന്നതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
കൊറിയൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുമായി ആശയവിനിമയം നടത്തുന്നതിന് മലപ്പുറത്തു നിന്നുള്ള ദ്വിഭാഷിയുടെ സഹായത്തിലാണ് പോലീസ് വിവരങ്ങൾ ചോദിച്ചറിയുന്നത്.
പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും യുവതി പീഡനത്തക്കുറിച്ച് പിന്നീട് യാതൊരു മൊഴിയും നൽകിയിട്ടില്ല. അതിനാൽ തന്നെ യുവതി ആദ്യം പറഞ്ഞ പീഡന വിവരം വെറും കഥ മാത്രമാകാമെന്ന നിഗമനത്തിലാണ് പോലീസ്.
കഴിഞ്ഞ 22നാണ് തന്നെ അജ്ഞാതൻ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ വിധി വന്ന് അധിക നാൾ ആവാത്തതിനാൽതന്നെ വലിയ പ്രാധാന്യത്തോടെയാണ് പോലീസ് സംഭവത്തെ നോക്കിക്കണ്ടത്.
എന്നാൽ, യുവതി പോലീസിനോട് സഹകരിക്കാത്തതിനാൽ കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസ്.