മൂവാറ്റുപുഴ: പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരേ പോലീസ് കേസെടുത്തു. ആരക്കുഴ മുതുകല്ല് സ്വദേശിനിയായ എംകോം വിദ്യാർഥിനിയെയാണ് അയൽവാസി കഴിഞ്ഞ ദിവസം അപമാനിക്കാൻ ശ്രമിച്ചത്.
വീട്ടുമുറ്റത്തുനിന്ന യുവതിയുടെ കൈയിൽ പിടിച്ച് വലിക്കുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തുവെന്നാണ് പരാതി. ചോദിക്കാനെത്തിയ മാതാവിനെ യുവാവ് മർദിച്ചതായും പരാതിയിൽ പറയുന്നു. ഇതേത്തുടർന്നു യുവതിയും കുടുംബവും പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസ് വേണ്ട നടപടി സ്വീകരിക്കാൻ തയാറാകാതെവന്നത് ആക്ഷേപത്തിനു കാരണമായിരുന്നു.
യുവതി സംസ്ഥാന വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമടക്കം പരാതി നൽകിയതോടെയാണ് ഇന്നലെ പോലീസ് കേസെടുക്കാൻ തയാറായത്.