ആലുവ: വാടക വീടിന്റെ ഉടമ ഉപദ്രവിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും യുവതിയായ വീട്ടമ്മയുടെ പരാതി. ചൂർണ്ണിക്കര കന്പനിപ്പടിയിലെ വീടിന് മുകളിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിനിയാണ് പരാതിക്കാരി. എഫ്ഐആർ രജിസ്റ്റർ ചെയ്തതല്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. എസ്പിക്ക് നൽകിയ പരാതി ആലുവ സിഐക്ക് കൈമാറിയിട്ടുണ്ട്.
ഭർത്താവില്ലാത്ത സമയത്ത് വീട്ടുടമ വീട്ടിലെത്തി കയറിപ്പിടിച്ചെന്നാണ് യുവതിയുടെ പരാതി. കുതറി മാറി ബഹളം വച്ചപ്പോൾ പ്രതിയുടെ ഭാര്യയും മക്കളുമെത്തി. ഈ സമയം മർദിച്ചെന്ന് ആരോപിച്ച് വീട്ടുടമയുടെ ഭാര്യയും മക്കളും ചേർന്ന് തന്നെ വീണ്ടും മർദിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വീട് ഒഴിയുന്നത് സംബന്ധിച്ച് പരാതിക്കാരിയുടെ ഭർത്താവും കെട്ടിട ഉടമയുമായി നേരത്തെ തർക്കമുണ്ടായിരുന്നു. ജൂലൈ 10ന് മുന്പ് വീടൊഴിയാനും സമ്മതിച്ചിരുന്നതാണ്. യുവതിയും കുടുംബവും വീടൊഴിയുന്നില്ലെന്ന് ആരോപിച്ച് വീട്ടുടമയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടുടമയും കുടുംബവുമാണ് താഴെ താമസിക്കുന്നത്.