ചേർത്തല: സ്ത്രീയെ അപമാനിച്ചകേസിലെ പ്രതി പാർട്ടി ഓഫീസിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പാർട്ടി ഓഫീസ് പോലീസ് വളഞ്ഞെങ്കിലും ഉന്നത തലത്തിലുള്ള ഭീഷണിയെ തുടർന്ന് പോലീസ് പിൻവാങ്ങി. ചേർത്തല സിപിഐ ഓഫീസിലാണ് സംഭവം അരങ്ങേറിയത്. സ്ത്രീയെ അപമാനിച്ചെന്ന കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് സംഘം സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫീസ് വളയുകയായിരുന്നു.
ഓഫീസ് പരിശോധിക്കാനുള്ള പോലീസ് നീക്കം ഉന്നത ഇടപെടലിൽ തടഞ്ഞു. ഇതിനിടയിൽ പരിശോധനക്കെത്തിയ പോലീസും സിപിഐ നേതാക്കളും തമ്മിൽ ഭീഷണിയും വെല്ലുവിളികളുമുണ്ടായി. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സിപിഐ ഓഫീസിനുമുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ചേർത്തലയിലെ ഒരു വീട്ടമ്മ നൽകിയ പരാതിയിൽ പട്ടണക്കാട് പോലീസ് പ്രതിചേർത്തിരുന്ന കറുവ ഷൈജു എന്നുവിളിക്കുന്ന ഇഗ്നേഷ്യസിനെ (37) തിരഞ്ഞാണ് പോലീസെത്തിയത്. സിപിഐ അനുഭാവിയായ ഇയാളെ പാർട്ടി ഇടപെട്ട് ഓഫീസിൽ പാർപ്പിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധ നക്കെത്തിയത്.
പട്ടണക്കാട് എസ്ഐയുടെ നേതൃത്വത്തിൽ ഒന്പതുപേരടങ്ങുന്ന പോലീസ് സംഘമാണ് പാർട്ടി ഓഫീസ് വളഞ്ഞത്. പാർട്ടി ഓഫീസിൽ പോലീസിന്റെ റെയ്ഡ് നടക്കുമെന്ന വിവരമറിഞ്ഞ് ഏതാനും പാർട്ടി നേതാക്കളും സ്ഥലത്തെത്തി. പ്രതി മണ്ഡലം കമ്മിറ്റി ഓഫീസിലുണ്ടെന്ന ഉറച്ചനിലപാടെടുത്ത പോലീസ് പാർട്ടി ഓഫീസിനുള്ളിൽ പരിശോധന നടത്തുമെന്നറിയിച്ചു.
എന്നാൽ പ്രതികളാരും ഓഫീസിലില്ലെന്നും അതിനാൽ പരിശോധന അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പാർട്ടി നേതാക്കൾ. ഇതാണ് തർക്കങ്ങൾക്കും വെല്ലുവിളിക്കുമിടയാക്കിയത്. തർക്കം രൂക്ഷമായതോടെ ഉന്നത സിപിഐ നേതാക്കൾ പോലീസ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന തടഞ്ഞത്. പിന്നീട് ഒരു മണിക്കൂറോളം പാർട്ടി ഓഫീസിന്റെ മുന്നിൽ കാത്തിരുന്ന പോലീസ് പ്രതിയെ കിട്ടാതെ പിൻവാങ്ങുകയായിരുന്നു.