ദാഹോദ്: ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിതാവിന്റെ മുന്നിൽ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിലായിരുന്നു പീഡനം. ആറു പേർ ചേർന്നാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. ഇതിൽ ഒരാളെ പോലീസിന് പിടികൂടാനായിട്ടില്ല.
ഗുജറാത്തിലെ ദാഹോദിൽ ബുധനാഴ്ചയായിരുന്നു സംഭവം. പ്രതികളിലൊരാൾക്കെതിരെ വ്യാജമദ്യം വിറ്റതായി പെൺകുട്ടികളുടെ സഹോദരൻ പോലീസിൽ പരാതിപ്പെട്ടതാണ് ക്രൂരകൃത്യത്തിന് ഇടയാക്കിയത്. കുമാത് ബരിയ എന്നയാൾക്കെതിരെയാണ് പെൺകുട്ടികളുടെ സഹോദരൻ പരാതിപ്പെട്ടത്.
ബുധനാഴ്ച രാവിലെ ബരിയയും കൂട്ടാളികളായ മറ്റു 13 പേരും ബൈക്കിലും എസ്യുവിയിലും പെൺകുട്ടികളുടെ പിതാവ് നടത്തുന്ന കടയിലെത്തി. പെൺകുട്ടികളെയും പിതാവിനെയും പ്രതികൾ വലിച്ചിഴച്ച് കാറിൽകയറ്റിക്കൊണ്ടുപോയി. ആറു പേർ കാറിനുള്ളിൽവച്ച് പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. 25 കിലോമീറ്ററോളം മുന്നോട്ടുപോയ ശേഷം പിതാവിനെയും പെൺകുട്ടികളെയും അക്രമികൾ കാറിൽനിന്നും നിരത്തിലേക്ക് തള്ളിയിട്ട ശേഷം രക്ഷപെടുകയും ചെയ്തു.