ഇരിട്ടി: വീട്ടമ്മയായ എഴുപതുകാരി ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. ആറളം പന്നിമൂലയിലെ സജീവ സിപിഎം പ്രവര്‍ത്തകനായ പി.എം. രാജീവ (43 ) നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ എന്‍. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മുപ്പതിന് വൈകുന്നേരം ആറോടെയായിരുന്നു ഇരിട്ടി പയഞ്ചേരി വികാസ്നഗറിലെ കാണിയേരി സരോജിനി അമ്മയെ മുഴക്കുന്ന് ഗ്രാമത്തിലെ തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് വെളിച്ചക്കുറവ് കാരണം പിറ്റേദിവസമാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് സരോജിനി അമ്മ വിധേയയായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഗതി മാറിയത്.
സംഭവമറിഞ്ഞതു മുതല്‍ മൃതദേഹം സംസ്കരിക്കുന്നതുവരെ സ്ഥലത്തു പോലീസ് രഹസ്യനിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഴക്കുന്ന് എസ് ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ മഫ്ടിയില് എത്തിയ പോലീസ് നിരീക്ഷണം നടത്തുന്നതിനിടയില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്ത പ്രതി മൃതദേഹം സംസ്കരിക്കുന്നിടത്തു എത്തിയതായും ഇദ്ദേഹത്തിന്റെ മുഖത്തെ പരിഭ്രമവും ഇടയ്ക്കിടെ സ്ഥലം മാറിമാറി നില്ക്കുന്നതും മറ്റും കണ്ടെത്തിയ പോലീസ് രാജീവനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ 30 ന് ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയിലാണ് പ്രതി സരോജിനി അമ്മയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്കിയ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു. പ്രതിയുടെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്.
സരോജിനി അമ്മയുടെ മകന് പ്രേമന് നിർമിക്കുന്ന വീടിന്റെ വയറിംഗ് പ്രവൃത്തിക്കായാണ് പ്രതി രാജീവന് ഇവിടെ എത്തിയത്. പ്രതിയുടെ സഹോദരിയുടെ വീടും പ്രേമരാജന്‍ നിര്‍മ്മിക്കുന്ന വീടും സരോജിനി അമ്മയുടെ വീടും എല്ലാം അടുത്തടുത്താണ് . പ്രതിയുടെ സഹോദരീ ഭര്‍ത്താവും സരോജിനി അമ്മയും തമ്മില്‍ കുടുംബ ബന്ധവും ഉള്ളതിനാല്‍ പ്രതി ഇടയ്ക്കിടെ ഇവിടെ വരുകയും ഇവരുമായെല്ലാം നല്ല ബന്ധവും നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രേമന്റെ ഭാര്യ പ്രസവത്തിനായി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലായതിനാല്‍ പ്രതിക്കും പ്രേമരാജന്റെ മാതാവിനുള്ള ഭക്ഷണവും പ്രതിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് തയാറാക്കിയിരുന്നത്. ഇവിടെ ഭക്ഷണം കഴിക്കാനായി പ്രതി എത്തിയപ്പോള്‍ സരോജിനി അമ്മയും ഇവിടെ എത്തിയിരുന്നു. ഈ സമയത്തു പ്രതിയുടെ സഹോദരി ഉള്‍പ്പെടെ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഈ സമയം വീട്ടില്‍ ആകെ ഉണ്ടായിരുന്നത് പ്രേമന്റെയും അവരുടെ ജ്യേഷ്ഠന്റെയും രണ്ട്കുട്ടികള്‍ മാത്രമായിരുന്നു. ഇവരോട് അടുത്ത വീട്ടില്‍ പോയി കളിക്കാന്‍ പ്രതി രാജീവന് ഈ സമയത്തു ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയത് അന്വേഷണത്തിന് വഴിത്തിരിവായി. പീഡനത്തിന് ശേഷം ഇരിട്ടിയിലേക്ക് വയറിംഗ് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന പ്രതി രാജീവന് സ്ഥലം വിട്ടു. സരോജിനിയമ്മ പിന്നീട് കരഞ്ഞുകൊണ്ട് തളര്‍ന്നിരിക്കുന്നത് കണ്ടതായും കുട്ടികളുടെ മൊഴിയിലുണ്ട്.