ചെറുതോണി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അമിതമായി പാരസെറ്റാമോൾ ഗുളിക കഴിച്ചശേഷം ഇടുക്കി സിഐ ഓഫീസിലെത്തി കീഴടങ്ങി. മാങ്കുളം പുന്നേക്കാട്ട് ജിതിൻ ജോയി (19) ആണ് കേസന്വേഷിക്കുന്ന ഇടുക്കി സിഐ സിബിച്ചൻ ജോസഫിനുമുന്നിൽ കീഴടങ്ങിയത്.
പെണ്‍കുട്ടിയെ സ്നേഹം നടിച്ച് കൂട്ടികൊണ്ടുപോയി മാങ്കുളത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിൻ ജോയി. ഇന്നലെ രാവിലെ 10.30-ന് ഇടുക്കി സിഐയുടെ മുന്നിൽ കീഴടങ്ങിയ യുവാവിന്റെ മൊഴിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു.
തുടർന്നുള്ള ചോദ്യംചെയ്യലിൽ ചെറുതോണിയിലുള്ള മെഡിക്കൽ സ്റ്റോറിൽനിന്ന് 15 പാരസെറ്റാമോൾ ഗുളിക വാങ്ങി കഴിച്ചതായി ഇയാൾ വെളിപ്പെടുത്തി. ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം പോലീസ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ജിതിനും പെണ്‍കുട്ടിയും അടിമാലിയിലുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥികളായിരുന്നു. 15 ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ മാങ്കുളത്തുള്ള വീട്ടിലേക്ക് യുവാവ് കൂട്ടികൊണ്ടുപോയത്. ഇതേതുടർന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് ഇടുക്കി പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെ ഇവർ മാങ്കുളത്ത് ഒളിച്ചുതാമസിക്കുന്നുണ്ടെന്ന് മനസിലാക്കിയ പോലീസ് അവിടെയെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ജിതിൻ പോലീസിനെ വെട്ടിച്ച് കടന്നു. ഈ കേസിൽ ഉൾപ്പെട്ട മറ്റു മൂന്നു പ്രതികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.