വൈക്കം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പിടികൂടി. കൊല്ലം മയ്യനാട് സ്വദേശി രഞ്ജിത്തി(26)നെയാണ് പോലീസ് പിടികൂടിയത്.
വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം കാണാതായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയതോടെയാണ് യുവാവിനെതിരേ കേസെടുത്തത്.
വൈക്കം ഉല്ലലയിൽ വിവാഹിതനായി താമസിക്കുന്ന രഞ്ജിത്ത് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് വ്യാജപേരിൽ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് എസ്ഐ സാഹിൽ .എം പറഞ്ഞു.