തൃശൂർ: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ എറണാകുളം സ്വദേശിയെ റിമാൻഡ് ചെയ്തു. നെടുപുഴ സ്വദേശിനിയായ വിദ്യാർത്ഥിനിയുമായി പ്രണയത്തിലാവുകയും ലൈംഗികമായി പീഡനത്തിരയാക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇലക്ട്രീഷ്യനായ എറണാകുളം ചെറായി സ്വദേശി കൃഷ്ണരാജി(29)നെ പറവൂരിൽനിന്നും പോലീസ് പിടികൂടിയത്. വിവാഹിതനായ ഇയാൾക്ക് ആറു വയസുള്ള പെണ്‍കുഞ്ഞുണ്ട്.
വിദേശത്തു ജോലി ചെയ്യുകയായിരുന്ന കൃഷ്ണരാജ് കഴിഞ്ഞ നവംബറിലാണ് നാട്ടിലെത്തിയത്. വിദേശത്തുവച്ചുതന്നെ വിദ്യാർഥിനിയുമായി ഫെയ്സ്ബുക്ക് വഴി ബന്ധപ്പെട്ടിരുന്നു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി കുട്ടിയെ വയനാട്ടിലേക്കു കൊണ്ടുപോയി ഹോട്ടൽമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി എറണാകുളത്തെ തന്റെ വാടകവീട്ടിലേക്കു കൊണ്ടുപോകുകയും അവിടെവച്ച് വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് മൊഴി.
വിദ്യാർഥിനിയെ കാണാതായതായി മാതാപിതാക്കളുടെ പരാതിയെതുടർന്ന് നെടുപുഴ പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഇക്കാര്യങ്ങൾ പുറത്തറിയുന്നത്.