കോതമംഗലം: പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തങ്കളം എച്ചിതൊണ്ട് കാക്കനാട്ട് ബേസിൽ (21) ആണ് അറസ്റ്റിലായത്. പതിനഞ്ചുകാരി ആദിവാസി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ 21നാണ് കേസിന് ആസ്പദമായ സംഭവം. ബേസിൽ എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്.
ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കു മടങ്ങവേയാണ് വിദ്യാർഥിനി ബേസിലിന്റെ ചതിയിൽപ്പെടുന്നത്. ആദിവാസി പെൺകുട്ടിയുമായി പരിചയപ്പെട്ട് തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആദ്യം ഭൂതത്താൻകെട്ടിലും പിന്നീട് പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ പുരയിടത്തിലുംവച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയിൽനിന്നു വ്യക്തമായി. രാത്രിയിൽ വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാത്തതും കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസത്തിലും സംശയം തോന്നിയ വീട്ടുകാർ പിറ്റേന്ന് പോലീസിൽ പരാതിപ്പെട്ടു. പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവാവിനെക്കുറിച്ച് കുട്ടിക്ക് യാതൊരുവിവരവും അറിയില്ലെന്ന് മനസിലായി.
തുടർന്നു നടത്തിയ അന്വേഷണത്തിൽ പെട്രോൾപന്പിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് യുവാവിനെക്കുറിച്ച് വിവരം ലഭിച്ചത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോൻ, കോതമംഗലം സിഐ വി.ടി. ഷാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നുഅന്വേഷണം. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.