തിരുവനന്തപുരം: എൻജിനീയറിംഗ് വിദ്യാർഥിനിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ ഓട്ടോറിക്ഷ ഡ്രൈവറെ കോടതി റിമാൻഡ് ചെയ്തു. നരുവാമൂട് ചള്ളിവിള വീട്ടിൽ കുമാരൻ (42) നെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച ചികിത്സാ രേഖകൾ പോലീസിന് നൽകിയിട്ടില്ല.
ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ട വിദ്യാർഥിനി ചാക്കയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ എട്ടരയോടെയാണ് എൻജിനിയറിംഗ് കോളജ് വിദ്യാർഥിനിയായ പെണ്‍കുട്ടി കണ്ണമ്മൂലയിലെ ഡാൻസ് സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയത്.
മെഡിക്കൽ കോളജിൽ സവാരി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുമാരന്റെ ഓട്ടോറിക്ഷയ്ക്ക് കൈകാണിച്ച് നിർത്തി ഓട്ടോറിക്ഷയിൽ കയറിയ പെണ്‍കുട്ടിയോട് കുമാരൻ മോശമായി സംസാരിച്ചു. ഇയാളുടെ സംഭാഷണത്തിൽ പെണ്‍കുട്ടി അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ പേട്ട പള്ളിമുക്കിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും കുമാരൻ ഓട്ടോറിക്ഷ നിർത്താതെ പേട്ട ഭാഗത്തേക്ക് പോയി.
പരിഭ്രാന്തയായ പെണ്‍കുട്ടി നിലവിളിച്ചെങ്കിലും കുമാരൻ ഓട്ടോറിക്ഷ നിർത്തിയില്ല. പെണ്‍കുട്ടി മൊബൈൽ ഫോണിൽ നിന്നും പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചു. ഗതാഗതകുരുക്കിനിടെ വഴി മാറ്റി ഓട്ടോറിക്ഷ ആനയറപ്പാലത്തിലൂടെ ഓടിച്ച് പോകവെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ടൂവീലർ യാത്രക്കാരും പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പെണ്‍കുട്ടി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
നിലത്ത് വീണ പെണ്‍കുട്ടിയെ നാട്ടുകാരും പോലീസും ചേർന്ന് ചാക്കയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് കുമാരനെ പിടികൂടുകയായിരുന്നു. രക്ഷപ്പെടുന്ന ശ്രമത്തിനിടയിൽ പെണ്‍കുട്ടിയുടെ രണ്ട് പല്ലുകൾ കൊഴിയുകയും തലയ്ക്ക് പരിക്കേൽക്കുകയുമായിരുന്നു. പട്ടാപ്പകൽ നഗരത്തിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവം അറിഞ്ഞ് നാട്ടുകാർ പരിഭ്രാന്തിയിലാണ്.