തൃശൂർ: പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനു പത്തര വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. വടക്കാഞ്ചേരി കുമരനെല്ലൂർ ഇഞ്ചലോടി അയ്യത്ത് വീട്ടിൽ രാജേഷി(28)നെയാണ് തൃശൂർ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികശിക്ഷ അനുഭവിക്കണം.
2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഒഴിഞ്ഞ പറന്പിലെത്തിച്ച് പതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പിന്നീട് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു. പഠനത്തിൽ ശ്രദ്ധക്കുറവ് കാണിച്ച കുട്ടിയെ കൗണ്‍സലിംഗിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് വെൽഫയർ കൗണ്‍സിൽ മുഖേന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി. വടക്കാഞ്ചേരി സിഐ എം.കെ. സുരേഷ്കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. ഇരയ്ക്കു സർക്കാരിന്റെ വിക്ടിം കോന്പൻസേഷൻ ഫണ്ടിൽനിന്ന് അർഹമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോടു കോടതി നിർദേശിച്ചു.