സ്വന്തംലേഖകന്‍
കോഴിക്കോട് : സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാലതാമസം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കിടയിലും ഇരകള്‍ക്ക് നീതി അകലെ. രണ്ടാഴ്ചക്കിടയില്‍ രണ്ട് ധാരുണമായ സംഭവങ്ങളാണ് കോഴിക്കോട് ജില്ലയില്‍ മാത്രമുണ്ടായത്.
ഈ രണ്ടുകേസുകളിലും പ്രതികള്‍ ഒളിവിലാണ്. ഈ മാസം നാലിനാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട ബസില്‍ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടിയിരുന്നു. എന്നാല്‍ പ്രധാനപ്രതി കുന്നമംഗലം പന്തീര്‍പാടം, പാണരുകണ്ടത്തില്‍ വീട്ടില്‍ ഇന്ത്യേഷ് (38) നെ ഇതുവരേയും പിടികൂടാനായിട്ടില്ല.
ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട്നോട്ടീസ് പുറത്തിറക്കിയെങ്കിലും വിവരങ്ങളൊന്നും ഇതുവരേയും ലഭിച്ചിട്ടില്ല. പ്രതി കര്‍ണാടകയിലേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒളിവില്‍ കഴിയാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്.
കര്‍ണാടക പോലീസിന്റെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. സംസ്ഥാനത്തെ എല്ലാപോലീസ് സ്റ്റേഷനുകളിലേക്കും വിമാനതാവളം, റെയില്വേസ്റ്റേഷന് എന്നിവിടങ്ങളിലുമെല്ലാം ഇന്ത്യേഷിന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഇന്ത്യേഷിനെ കണ്ടെത്തുന്നതിനായി മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കോഴിക്കോട് മുണ്ടിക്കല്‍താഴം-സിഡബ്ലിയുആര്‍ഡിഎം റോഡിന് സമീപം നിര്‍ത്തിയിട്ട ബസില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്.
രാത്രി വഴക്കിട്ട് വീട്ടില്‍നിന്നിറങ്ങിയ യുവതിയെ സ്കൂട്ടറില്‍ കയറ്റി മുണ്ടിക്കല്‍താഴം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.രാത്രി വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ കൈയിലെ പണം കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.
ഇതോടെ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ യുവാക്കള്‍ യുവതിയുമായി ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചു. ദൃശ്യങ്ങളില്‍ നിന്ന് ഒരാളെ തിരിച്ചറിയുകയും പിടികൂടി ചോദ്യം ചെയ്തതോടെ മറ്റു രണ്ടുപേരുടെ പങ്കുകൂടി വ്യക്തമാവുകയുമായിരുന്നു.
സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല് ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ പിടികൂടിയിരുന്നു.ഇക്കഴിഞ്ഞ വ്യാഴാഴ്ച ട്രയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും പോലീസ് ഇരുട്ടില്‍തപ്പുകയാണ്. കോഴിക്കോട് റെയില്‍വേ പോലീസാണ് അന്വേഷണം നടത്തുന്നത്.