താമരശേരി: കായികവിദ്യാർഥിനിക്കെതിരെ ലൈംഗീകാതിക്രമം നടത്തി അറസ്റ്റിലായ അധ്യാപകനെ സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കായികാധ്യാപകൻ നെല്ലിപ്പൊയിൽ മീന്മുട്ടി വട്ടപ്പാറയിൽ വി.ടി.മിനീഷി (41)നെ തിങ്കളാഴ്ച്ചയാണ് കസ്റ്റഡിൽ വാങ്ങി സ്കൂളിൽ തെളിവെടുപ്പിനു എത്തിച്ചത്.
പരിശീലനത്തിനിടെ തളർന്നുപോയ കായികതാരമായ വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയും കാലിൽ ചവിട്ടി തുടയെല്ല് തകർത്ത കേസിലാണ് പോലീസ് കസ്റ്റഡിൽ വാങ്ങിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് താമരശേരി എസ്ഐ കെ.പ്രജീഷ്, ഗ്രേഡ് എസ്ഐ മുഹമ്മദ് കോയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെയും കൊണ്ട് സ്കൂളിലെത്തി തെളിവെടുത്തത്.
മാർച്ച് 19ന് പരിശീലനം കഴിഞ്ഞ് എത്തിയതിന് ശേഷം ജിമ്മിൽ വെച്ച് കാലിൽ തുടരെ തുടരെ ചവിട്ടി തുടയെല്ല് തകർക്കുകയും ആശുപത്രിയിലെത്തിക്കാനും അധ്യാപകൻ തയാറായില്ല. ഇതുസംബന്ധിച്ചു മൈക്കാവ് സ്വദേശിനിയായ പതിനഞ്ചുകാരിയുടെ പരാതിയിലായിരുന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് എടുത്തത്.
അധ്യാപകനെതിരെ നിലവിൽ അഞ്ച് കേസുകൾ താമരശേരി പോലീസ് എടുത്തിട്ടുണ്ട്. നിരവധി വിദ്യാർഥികളുടെയും ഒരു രക്ഷിതാവിന്റെയും പരാതിയിൽ ഉൾപ്പെടെയാണ് കേസ്.
പ്രതിയെ വൈകീട്ടോടെ തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ മറ്റുകേസുകളിൽ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്ഐ പ്രജീഷ് പറഞ്ഞു.