അടിമാലി: വാളറ ആദിവാസി കോളനിയില്‍ നവജാത ശിശുവിനും മാതാവിനും ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വനത്തിനുള്ളില്‍ ഒളിവില്‍ കഴിയുന്ന യുവാവിനെ പിടികൂടാന്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചു. അടിമാലി വാളറ പാട്ടടന്പ് ആദിവാസികുടി സ്വദേശി രവിക്കായാണ് തെരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഭാര്യ നിര്മലയെയും (28), ഇവരുടെ പ്രസവിച്ച് 14 ദിവസം മാത്രമായ പെണ് കുഞ്ഞിനെയും രവി മര്‍ദിച്ച് മൃതപ്രായരാക്കിയത്.
രണ്ടു പേരും കോട്ടയം മെഡിക്കല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. മാസം തികയാതെ പെണ്‍കുഞ്ഞിന് ജിന്മം നല്‍കിയെന്നാരോപിച്ചാണ് ഭര്‍ത്താവ് മര്‍ദിച്ചതെന്ന് യുവതിയുടെ അയല്‍വാസികള്‍ പറഞ്ഞു. നിര്‍മലയുടെ നടുവിനും മുഖത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മുലപ്പാല്‍ ലഭിക്കാത്തതു മൂലം കുട്ടിയുടെ സ്ഥിതിയും മോശമാണ്.
ഇന്നലെ നിര്‍മലയുടെ വീട്ടിലെത്തിയ അയല്‍വാസികളാണ് അമ്മയും കുഞ്ഞും ബോധമില്ലാതെ കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് അടിമാലി ജനമൈത്രി പോലിസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് അടിമാലി പോലിസ് സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി. പോലിസിനെ കണ്ട രവി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് പോലിസ് വാഹനത്തില്‍ നിര്‍മലയേയും കുഞ്ഞിനേയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിമാലി എസ്ഐയുടെ നേതൃത്വത്തില്‍ നാട്ടുകാരും തെരച്ചില്‍ സംഘത്തിലുണ്ട്.
യുവതി അതീവ ഗുരുതരാവസ്ഥയില്‍
കോട്ടയം: ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദനത്തെതുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ആദിവാസി യുവതിയുടെ നില അതീവഗുരുതരാവസ്ഥയില്‍. അടിമാലി വാളറ പാത്തയിടമ്പ് പട്ടികവര്‍ഗ കോളനിയിലെ രവിയുടെ ഭാര്യ വിമല (28) ആണ് കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
14 ദിവസം മുമ്പ് പ്രസവിച്ച യുവതിയുടെ കുട്ടിയുടെ നിലയും ഗുരുതരമാണ്. കുട്ടിയെ കുട്ടികളുടെ ആശുപത്രിയിലാണ്് പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ സ്വകാര്യ ഭാഗത്ത് വിറകുകൊണ്ട് പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും ശരീരമാസകലം മുറിവുകളുണ്ടെന്നും യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
മദ്യപിച്ച് എത്തിയ ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നു പറയുന്നു. അവശ നിലയില്‍ കിടന്ന വിമലയെ ട്രൈബര്‍ പ്രമോട്ടര്‍ താര എത്തി അടിമാലി പോലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് രവി അടിമാലിയിലെ ഉള്‍ക്കാട്ടിലേക്ക് പോയതായും പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും അടിമാലി എസ്ഐ ലാല്‍ സി.ബേബി പറഞ്ഞു.