ആലക്കോട്: ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തേർത്തല്ലി ചിറ്റടി കണ്ണംവെള്ളി കുഞ്ഞിരാമൻ (71), മണക്കടവ് ചുള്ളിപ്പള്ളത്തെ മുകാലിയിൽ നിധിൻ ജോസഫ് (22), ഒറ്റപ്ലാക്കൽ മനു തോമസ് (30) എന്നിവരെയാണ് ആലക്കോട് സിഐ ഇ.പി. സുരേശനും സംഘവും അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പ്ലസ് ടു വിദ്യാർഥികളും കേസിൽ പ്രതികളാണ്.പെൺകുട്ടിയെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായിരുന്നു. ആരുമറിയാതെ ബന്ധുവീട്ടിൽ ഒളിച്ചുകഴിഞ്ഞിരുന്ന പെൺകുട്ടിയെ അഞ്ച് ദിവസം കഴിഞ്ഞ് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യം പീഡിപ്പിക്കപ്പെട്ടത്. ഇത് നേരിൽക്കണ്ട കുഞ്ഞിരാമൻ, സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടി ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണു മനുവും നിധിനും ഉപദ്രവിച്ചത്.
അവിടെ ജോലിക്ക് വന്നിരുന്ന മനുവും നിധിനും പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു. അഞ്ചുപേർ പീഡിപ്പിച്ചെന്നാണു പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. എസ്ഐ കെ.ജെ. ബിനോയി, എസ്ഐ കെ. പ്രഭാകരൻ എന്നിവർ അറസ്റ്റ്ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.