അഗളി: അട്ടപ്പാടിയിൽ പതിനാലുവയസുകാരിയായ ആദിവാസി വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുള്ളതായി മൃതദേഹ പരിശോധന നടത്തിയ പോലീസ് സർജൻ റിപ്പോർട്ട് ചെയ്തിരുന്നു. അഗളി ഡിവൈഎസ്പി ടി.കെ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
മുക്കാലി മേലേ കരുവാര ഉൗരിലെ മുരുകേശന്റെ മകളെയാണ് തിങ്കളാഴ്ച പുലർച്ചെ ഉൗരിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ വനത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെണ്‍കുട്ടിയെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുവീട്ടിലോ മറ്റോ പോയെന്നുവിചാരിച്ച് വൈകുന്നേരം ആറുവരെ വീട്ടുകാർ കാത്തിരുന്നു.
എന്നാൽ വീണ്ടും കാണാത്തതിനെതുടർന്ന് രാത്രി രണ്ടുവരെ എല്ലായിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പുലർച്ചെ ഉൗരിനുസമീപം വ്യാപകമായി തെരച്ചിൽ നടത്തിയപ്പോഴാണ് പഞ്ചക്കാടിനടുത്ത് മരകൊന്പിൽ ഷാളിൽ തൂങ്ങിയനിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പാലക്കാടിനടുത്തുള്ള ഒരു സ്കൂളിലെ വിദ്യാർഥിനിയായിരുന്നു കുട്ടി. സ്കൂൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടി തൂങ്ങിമരിച്ച സ്ഥലം ഉൗരിൽ നിന്നും മൂന്നുകിലോമീറ്റർ അകലെ വനത്തിൽ ദുർഘടം പിടിച്ച പ്രദേശമാണ്. പെണ്‍കുട്ടി ഇവിടേയ്ക്ക് ഒറ്റയ്ക്കുപോയതും ദുരൂഹത ഉയർത്തുന്നുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ജില്ലാ പോലീസ് മേധാവി കുട്ടിയുടെ വീടും സംഭവസ്ഥലവും സന്ദർശിച്ചു.