ന്യൂഡൽഹി: ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ ബോളിവുഡ് താരം ഐശ്വര്യ റായിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. ഐശ്വര്യയായുടെ ഇന്റർനാഷണൽ ടാലന്റ് മാനേജർ എന്ന് പരിചയപ്പെടുത്തി സിമോണ് ഷെഫീൽഡാണ് വെറൈറ്റി ഡോട്ട് കോമെന്ന് ഒാൺലൈനിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. കാൻ ഫെസ്റ്റിവൽ, ആം ഫാർ ഗാല തുടങ്ങിയവയിൽ വച്ച് കണ്ട് ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനുമായി ഹാർവി നല്ല അടുപ്പത്തിലായിരുന്നു.
ഇതുവച്ച് ഒരിക്കൽ ഐശ്വര്യയെ തനിച്ചു കാണണമെന്ന് ഹാർവി ആഗ്രഹം പ്രകടിപ്പിക്കുകയും അതിനുള്ള കരുനീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. താൻ ഇടപെട്ടാണ് ഇത് തടഞ്ഞത്-ഷെഫീൽഡ് ലേഖനത്തിൽ പറയുന്നു. അവളെ ഒറ്റയ്ക്ക് ഒന്ന് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഹാർവി ഒരിക്കൽ ചോദിച്ചതായും ഷെഫീൽഡ് പറയുന്നു.
ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാതിരുന്നപ്പോൾ തന്നെ താക്കീത് ചെയ്തെന്നും അധിക്ഷേപിച്ചെന്നും മേലിൽ ഒരു ജോലിയും ലഭിക്കില്ലെന്ന് ഹാർവി വെയ്ൻസ്റ്റെയ്ൻ ഭീഷണി മുഴക്കിയെന്നും സിമോൺ പറയുന്നു. ആഞ്ജലീന ജോളിയും ഗിനത്ത് പാൾട്രൊയും ഉൾപ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഹാർവി വെയ്ൻസ്റ്റെയ്നെതിരെ ലൈംഗിക ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ലിയ സെയ്ദു, റോസ് മഗവൻ, ആസിയ അർജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്ലി ജൂഡ്, കാറ ഡെലവിൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ് തുടങ്ങി ഒട്ടേറെപ്പേർ ലൈംഗികപീഡനത്തിനിരയായതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം വെയ്ൻസ്റ്റെയ്ൻ നിഷേധിച്ചിരുന്നു. സ്ത്രീകളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടില്ലെന്നാണു നിലപാട്. നിർമാതാവിനെതിരെ ആരോപണമുന്നയിച്ച നടിമാർക്കു പിന്തുണയറിയിച്ചു നിരവധി ഹോളിവുഡ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.