അന്പലപ്പുഴ: ആരോഗ്യ വകുപ്പിലെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകിയ ആരോഗ്യ പ്രവർത്തകയെ തന്ത്രപൂർവം സ്ഥലം മാറ്റി.
അന്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയ്നിംഗ് സെന്ററിലെ ഗ്രേഡ് വണ്‍ നഴ്സിനെയാണ് പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്.
എന്നാൽ വർക്കിംഗ് അറേഞ്ച്മെന്റ് കാലാവധി കഴിഞ്ഞതുമൂലമാണ് ഇവരെ മെഡിക്കൽ കോളജിലേക്ക് തിരികെ നിയമിച്ചതെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു.
ഒരു മാസം മുന്‍പാണ് അന്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയ്നിംഗ് സെന്ററിലെ ഡ്രൈവർ മദ്യപിച്ച ശേഷം ഇവിടെ രാത്രിയിൽ ജോലി ചെയ്ത നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
തൊട്ടടുത്ത ദിവസം ഇവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് പരാതി നൽകി. ഈ പരാതി പിന്നീട് പ്രിൻസിപ്പലിന് കൈമാറി.
പ്രിൻസിപ്പലിന്റെ പരാതിയെത്തുടർന്ന് അന്പലപ്പുഴ പോലീസ് കേസെടുക്കുകയും ഡ്രൈവറെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ പിന്നീട് സസ്പെൻഡും ചെയ്തു.
ഭരണ കക്ഷി യൂണിയനിൽപ്പെട്ട ഡ്രൈവറെ സംരക്ഷിക്കാൻ സംഘടന ശ്രമം നടത്തിയിരുന്നു. പരാതി നൽകിയ നഴ്സിനെ ഭരണ കക്ഷി യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ നഴ്സിനെ സ്ഥലം മാറ്റിയത്. ഇവർക്കൊപ്പം മറ്റൊരു നഴ്സിനെക്കൂടി വർക്കിംഗ് അറേഞ്ച്മെന്റിന്റെ പേരിൽ മാറ്റിയിട്ടുണ്ട്.
രണ്ട് വർഷം വർക്കിംഗ് അറേഞ്ച്മെന്റ് കാലാവധി പൂർത്തിയായതിനാലാണ് ഇപ്പോൾ പരാതിക്കാരിയായ നഴ്സിനെ സ്ഥലം മാറ്റുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ മറ്റ് പല ജീവനക്കാരും ആറ് വർഷത്തിലധികമായി ജോലി ചെയ്തിട്ടും അധികൃതർ കണ്ണടക്കുകയാണ്.നേരത്തെ ഇവിടെ വർക്കിംഗ് അറേഞ്ച്മെന്റിൽ ജോലി ചെയ്തിരുന്ന ഗ്രേഡ് വണ്‍ നഴ്സുമാർ ഹെഡ് നഴ്സായി സ്ഥാനക്കയറ്റം ലഭിച്ച ശേഷമാണ് സ്ഥലം മാറി പോയിരുന്നത്.
എന്നാൽ ഭരണകക്ഷി യൂണിയനിൽപ്പെട്ട ഡ്രൈവർക്കെതിരെ പീഡനശ്രമത്തിന്റെ പേരിൽ പരാതി നൽകിയതോടെയാണ് ഇപ്പോൾ ഈ സ്ഥലം മാറ്റമുണ്ടായിരിക്കുന്നത്.
ഇവിടുത്തെ മറ്റ് ചില ജീവനക്കാർ ഏഴു വർഷത്തോളമായി ജോലി ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തവരാണ് ഇപ്പോൾ നഴ്സിനെ ഭരണ കക്ഷി യൂണിയന്റെ സമ്മർദത്തിന്റെ പേരിൽ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ സ്ഥലം മാറ്റത്തിലൂടെ എന്ത് സന്ദേശമാണ് ആരോഗ്യ വകുപ്പ് സ്ത്രീ സമൂഹത്തിന് നൽകുന്നതെന്ന ചോദ്യം അവശേഷിക്കുന്നു.