ആലുവ: 103 വയസുള്ള മാതാവിനെ പരിചരിക്കാനെത്തിയ 35കാരിയായ യുവതിയെ 72 കാരനായ ഗൃഹനാഥൻ ഫ്ലാറ്റിൽ പീഡിപ്പിച്ചതായി പരാതി. എന്നാൽ പരാതിയിൽ സംശയമുള്ളതിനാൽ വിശദമായി അന്വേഷിക്കണമെന്ന നിലപാടിലാണ് ചെങ്ങമ്മനാട് പോലീസ്.
ആലുവ ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോദന റിപ്പോർട്ടിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് കോട്ടയം നെടുങ്കണ്ടം സ്വദേശിനിയായ യുവതി ദേശത്തുള്ള ഫ്ലാറ്റിൽ ജോലിക്കെത്തിയത്.
പ്രതിയുടെ മാതാവിനെ പരിചരിക്കാനെത്തിയ യുവതിയെ ഫ്ലാറ്റിൽവച്ച് ചായയിൽ ഉറക്കഗുളിക നൽകി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ കത്തി കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടുതടങ്കലിൽ ആക്കിയതായി പറയുന്നു.
ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത യുവതിയുടെ വിശദമായ മൊഴിയെടുക്കലിനായി സ്റ്റേഷനിലേക്ക് ചെല്ലണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുള്ള ആരോപണം ഉയർന്നിട്ടുണ്ട്.
പരാതിയിൽ വ്യക്തതയില്ലെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പ്രതി സ്ഥാനത്തേക്ക് ചൂണ്ടി കാണിക്കുന്ന വ്യക്തിയോട് വൈരാഗ്യമുള്ള ചിലരാണ് പരാതിക്ക് പിന്നില്ലെന്ന് പോലീസ് സംശയിക്കുന്നു. ഇക്കാര്യം കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്താനാണ് പോലീസിന്റെ തീരുമാനമെന്നറിയുന്നു.