ആലുവ: ആറാം ക്ലാസുകാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിചേർത്ത ഓട്ടോഡ്രൈവർക്കായി പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. ബാലികയുടെ വീട്ടുകാർ റൂറൽ എസ്പി എ.വി. ജോർജിന് നൽകിയ പരാതിയെ തുടർന്ന് ആലുവ സീനത്ത് കവലയ്ക്ക് സമീപം ജോസ് ദേവസി(43)ക്കെതിരെയാണ് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്തത്.
പരാതി നൽകിയ വിവരം പുറത്തായതിനെ തുടർന്ന് നഗരസഭയിലെ മുൻ താൽക്കാലിക ഡ്രൈവർ കൂടിയായ പ്രതി മുങ്ങിയിരിക്കുകയാണ്. സിഐ വിശാൽ കെ. ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കുട്ടിക്ക് നേരേയുള്ള പ്രതിയുടെ ശല്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പലവട്ടം താക്കീത് ചെയ്തിരുന്നു. ഇതുകൂടാതെ പ്രതിയുടെ ഭാര്യയേയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇയാൾ പീഡനശ്രമത്തിൽ നിന്നും പിന്മാറിയില്ല. ഇതിനെ തുടർന്നാണ് എസ്പിക്കു കുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്.
പ്രശ്നം ഗൗരവമായതോടെ ചിലരെ ഇടനിലക്കാരാക്കി ഒത്തുതീർപ്പിലാക്കാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ വീട്ടുകാർ വഴങ്ങിയിരുന്നില്ല. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ വനിതാദിനത്തിൽ നഗരത്തിൽ മറ്റൊരു ഓട്ടോ ഡ്രൈവർ യാത്രക്കാരിയായ യുവതിയെ മർദിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഒളിവിലുള്ള പ്രതി ഉടൻ പിടിയിലാകുമെന്ന് സിഐ വിശാൽ കെ. ജോൺസൺ രാഷ്ട്രദീപികയോട് പറഞ്ഞു.